കാഞ്ഞിരപ്പള്ളി: ബിജെപിയുടെ 47 അംഗ സ്ഥാനാർഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പാർട്ടിയിൽ പോര് മുറുകുന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു പരസ്യമായി രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും 'വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും' പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് നോബിൾ മാത്യു ആരോപിച്ചു. സ്ഥാനാർഥി നിർണയത്തിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നും നോബിൾ മാത്യു ആരോപിച്ചു.സുരേന്ദ്രൻ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതംവെപ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യങ്ങളും ഇതിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷമായി ബിജെപി പ്രവർത്തകനായ തനിക്ക് കാഞ്ഞിരപ്പള്ളിയിൽ കുടുംബപരമായും സൗഹൃദപരമായും വലിയ സ്വാധീനമുണ്ടെന്നും എന്നാൽ മണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെയാണ് അവിടെ സ്ഥാനാർഥിയാക്കിയതെന്നും നോബിൾ മാത്യു പറഞ്ഞു. ജോർജ് കുര്യന് കാഞ്ഞിരപ്പള്ളിയിൽ 20,000 വോട്ടുകൾ പോലും ലഭിക്കില്ലെന്നും ഭൂരിപക്ഷം ലഭിക്കുന്ന സ്ഥലങ്ങളിൽ വേണമായിരുന്നു അദ്ദേഹം മത്സരിക്കാനെന്നും നോബിൾ മാത്യു പറഞ്ഞു.
15 തവണ മത്സരിച്ചിട്ടുള്ള ജോർജ് കുര്യന് സ്വന്തം വാർഡിൽ പോലും സ്വാധീനമില്ലെന്നും കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വെറും 80 വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നും നോബിൾ മാത്യു ചൂണ്ടിക്കാട്ടി. കോർ കമ്മിറ്റി അംഗങ്ങൾ തങ്ങൾക്ക് താല്പര്യമുള്ള സീറ്റുകൾ പങ്കിട്ടെടുക്കുകയാണെന്നും കാഞ്ഞിരപ്പള്ളിയിലേക്ക് തൻ്റെ പേര് നിർദേശിക്കപ്പെട്ടിട്ടും അവസാന നിമിഷം ജോർജ് കുര്യനെ സർപ്രൈസ് എൻട്രിയായി കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ തന്റെ ഭാവി കാര്യങ്ങൾ സുഹൃത്തുക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതിനിടെ ന്യൂനപക്ഷ മോർച്ചയുടെ മുതിർന്ന നേതാവ് ആരോപണമുന്നയിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.