കോട്ടയം: നിയമസഭയിലേക്കുള്ള 'കേരള ഇലക്ഷൻ ലീഗി'ല്‍ ട്വന്റി 20യുമായി ചേർന്നുള്ള ബിജെപിയുടെ പാർട്ണർഷിപ്പ് മധ്യ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുമോ എന്ന കാത്തിരിപ്പും രാഷ്ട്രീയ കേരളത്തിനുണ്ട്.
കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ട്വന്റി 20യെ കൂട്ടുപിടിച്ച് എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കിയത്. എറണാകുളം ജില്ലയില്‍ ട്വന്റി 20 പിടിക്കുന്ന വോട്ടുകള്‍ എൻഡിഎക്ക് ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം വോട്ടുകളാണ് ട്വന്റി 20 നേടിയത്. ഈ എട്ടു മണ്ഡലങ്ങളില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.2021ല്‍ ഒറ്റക്ക് മത്സരിച്ച ട്വന്റി 20, ജില്ലയിലെ ആറ് സീറ്റുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ബിജെപിയെയും എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനെയും നാലാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഈ കുതിപ്പ്. രണ്ട് സീറ്റുകളില്‍ ബിജെപിക്ക് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തുമെത്തി.
ഇത്തവണ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി 20 19 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 115 സീറ്റുകളില്‍ നിന്നായി 23,54,468 വോട്ടുകളാണ് നേടിയത്. ബിഡിജെഎസ് 21 മണ്ഡലങ്ങളില്‍ നിന്നായി 2,29,931 വോട്ടുകളും നേടി. എട്ടു സീറ്റുകളില്‍ നിന്നായി ട്വന്റി 20യുടെ സമ്പാദ്യം 1,45,664 വോട്ടുകളാണ്.
കുന്നത്തുനാട്, കൊച്ചി, പെരുമ്പാവൂർ, വൈപ്പിൻ, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ബിജെപിയെ പിന്തള്ളി ട്വന്റി 20 മൂന്നാമതെത്തിയത്. കോതമംഗലത്ത് ബിഡിജെഎസിനെയും നാലാമതാക്കി. തൃക്കാക്കരയിലും എറണാകുളത്തും ബിജെപിക്ക് പിന്നില്‍ നാലാമതുമെത്തി. കുന്നത്തുനാട് മണ്ഡലത്തില്‍ 42,701 വോട്ടുകളാണ് ട്വന്റി 20 സ്ഥാനാര്‍ത്ഥി ഡോ. സുജിത് പി സുരേന്ദ്രന് നേടിയത്. അതായത് 27.7 ശതമാനം വോട്ട് വിഹിതം. ബിജെപിയുടെ രേണു സുരേഷിന് 7056 വോട്ടുകളാണ് ലഭിച്ചത്. വോട്ട് വിഹിതം 4.66 ശതമാനം മാത്രം. സിപിഎമ്മിന്റെ പി. വി. ശ്രീനിജിന്‍ 2717 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്.
കൊച്ചി മണ്ഡലത്തില്‍ ട്വന്റി 20യുടെ ഷൈനി ആന്റണി 19,676 വോട്ടു നേടിയാണ് മൂന്നാമതെത്തിയത്. 15.3 ശതമാനം വോട്ടു വിഹിതമാണ് പാര്‍ട്ടി സ്വന്തമാക്കിയത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിയുടെ സി.ജി. രാജഗോപാല്‍ നേടിയത് 10,991 വോട്ടുകളാണ്. 8.54 ശതമാനമാണ് വോട്ട് വിഹിതം. സിപിഎമ്മിന്റെ കെ.ജെ. മാക്സി ജയിച്ചത് 14,079 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
പെരുമ്പാവൂര്‍ സീറ്റില്‍ ട്വന്റി 20 സ്ഥാനാർഥി ചിത്ര സുകുമാരന്‍ 20,536 വോട്ട് നേടിയാണ് ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയത്. വോട്ട് വിഹിതം 14.3 ശതമാനം. ബിജെപിയുടെ ടി.പി. സിന്ധുമോളിന് 15,135 വോട്ടുകളാണ് ലഭിച്ചത്. അതായത് 10.50 ശതമാനം വോട്ട് ശതമാനം. കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ചത് 2899 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.
വൈപ്പിനില്‍ ട്വന്റി 20യുടെ ജോബ് ചക്കാലയ്ക്കല്‍ 16,707 വോട്ട് നേടി മൂന്നാമതെത്തി. വോട്ട് വിഹിതം 12.8 ശതമാനമായിരുന്നു. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിയുടെ കെ.എസ്. ഷൈജുവിന് 13,540 വോട്ടുകളാണ് ലഭിച്ചത്. 10.37 ശതമാനമാണ് വോട്ട് വിഹിതം. സിപിഎമ്മിന്റെ കെ.എന്‍. ഉണ്ണികൃഷ്ണന് വിജയിച്ചത് 8201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.
മൂവാറ്റുപുഴയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി അഡ്വ. സി.എന്‍. പ്രകാശ് 13,535 വോട്ടുകളാണ് നേടിയത്. വോട്ട് വിഹിതം 9.4 ശതമാനം. നാലാം സ്ഥാനത്തെത്തിയ ബിജെപിയുടെ ജിജി ജോസഫിന് 7527 വോട്ടുകളാണ് ലഭിച്ചത്. വോട്ട് വിഹിതം 5.21 ശതമാനം. കോണ്‍ഗ്രസിന്റെ മാത്യു കുഴല്നാടന് 6961 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കോതമംഗലത്ത് ബിഡിജെഎസിനെ പിന്തള്ളിയാണ് ട്വന്റി 20 മൂന്നാമതെത്തിയത്. ട്വന്റി 20 സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് 7978 വോട്ടുകള്‍ നേടി. വോട്ടു വിഹിതം 5.9 ശതമാനം. ബിഡിജെഎസിന്റെ ഷൈന്‍ കെ. കൃഷ്ണന് 4638 വോട്ടുകളാണ് ലഭിച്ചത്. വോട്ടു വിഹിതം 3.4 ശതമാനവും. സിപിഎമ്മിന്റെ ആന്റണി ജോണ്‍ 6605 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തൃക്കാക്കരയില്‍ ട്വന്റി 20യുടെ ഡോ. ടെറി തോമസ് 13,897 വോട്ടുകളാണ് നേടിയത്. വോട്ട് വിഹിതം 10.2 ശതമാനം. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ എസ്. സജിക്ക് 15,483 വോട്ടുകള്‍ ലഭിച്ചു. 11.34 ശതമാനമാണ് വോട്ട് വിഹിതം. കോണ്‍ഗ്രസിലെ പി.ടി. തോമസ് 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
എറണാകുളത്ത് ട്വന്റി 20 സ്ഥാനാര്‍ഥി ലസിത പള്ളത്ത് 10, 634 വോട്ടുകള്‍ നേടി. വോട്ട് വിഹിതം 9.7 ശതമാനമാണ്. മൂന്നാം സ്ഥാനത്തെത്തിയ പത്മജ എസ്. മേനോന് 16,043 വോട്ടുകള്‍ നേടി. വോട്ട് വിഹിതം 14.57 ശതമാനവും. കോണ്‍ഗ്രസിന്റെ ടി.ജെ. വിനോദ് 10,970 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തു. ഇത്തവണ 19 സീറ്റിലാണ് ട്വന്റി 20 മത്സരിക്കുന്നത്. ഇതില്‍ ചാലക്കുടി, റാന്നി സീറ്റുകള്‍ 2021ല്‍ ബിഡിജെഎസും ശേഷിക്കുന്നവ ബിജെപിയും മത്സരിച്ച സീറ്റുകളാണ്.
ട്വന്റി20 മത്സരിക്കുന്ന സീറ്റുകളില്‍ കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ തവണ എൻഡിഎക്ക് 19.1 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്നു. റാന്നിയിലും തൊടുപുഴയിലും 15.4 ശതമാനം വീതവും തൃപ്പൂണിത്തുറയില്‍ 15.3 ശതമാനവും വോട്ട് വിഹിതമാണ് ലഭിച്ചത്.പുനലൂര്‍- 13.8 ശതമാനം, ചാലക്കുടി - 12.2 ശതമാനം, തൃക്കാക്കര - 11.4 ശതമാനം, ഏറ്റുമാനൂര്‍ 11 ശതമാനം, പെരുമ്പാവൂര്‍ 10.6 ശതമാനം, വൈപ്പിന്‍-10.4 ശതമാനം എന്നിങ്ങനെയാണ് 10 ല്‍ കൂടുതല്‍ വോട്ട് വിഹിതം ലഭിച്ച എന്‍ഡിഎ സീറ്റുകള്‍.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.