മനാമ :ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (ഐആർജിസി) ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് നാല് ബഹ്‌റൈൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ഇവർക്ക് ഇറാനിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.മുർത്തദ ഹുസൈൻ അവൽ (25), അഹമ്മദ് ഈസ അൽ ഹെയ്കി (34), സാറ അബ്ദുൽനബി മർഹൂൺ (36), ഇല്യാസ് സൽമാൻ മിർസ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ അഞ്ചാമത്തെ പ്രതിയായ അലി മുഹമ്മദ് ഹസൻ അൽ ഷെയ്ഖ് വിദേശത്തേക്ക് കടന്നതായാണ് വിവരം.ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഉപയോഗിച്ച് ബഹ്‌റൈനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കൃത്യമായ ഭൗമസ്ഥാനങ്ങളും ഇവർ പകർത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഈ വിവരങ്ങൾ എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകൾ വഴി ഐആർജിസിക്ക് കൈമാറുകയായിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഈ സംഭവങ്ങൾക്കിടെ ഇന്ന്(വ്യാഴം) രാവിലെ മുഹറഖ് ഗവർണറേറ്റിലെ ഒരു ഇന്ധന സംഭരണശാലയ്ക്ക് നേരെയും ഇറാൻ ആക്രമണം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃതർ ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലുടനീളം സുരക്ഷാ ഭീഷണികൾ വർധിച്ചിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.ഇതിനുപുറമെ, ബഹ്‌റൈനെതിരായ ഇറാൻ ആക്രമണത്തെ സോഷ്യൽ മീഡിയയിലൂടെ അനുകൂലിക്കുകയും പ്രശംസിക്കുകയും ചെയ്ത ആറ് സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു.
അലി ഗാസി അബ്ദുള്ള, അലി ഹുസൈൻ ഈസ, അബ്ദുഅലി അൽനകാൽ, അഹ്‌മദ് മിർസ മൂസ, അലി ഹുമൈദ് അലി, ഹുസൈൻ ഖലീൽ ഇബ്രാഹിം എന്നിവരാണ് പിടിയിലായത്.
പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതിനും ക്രമസമാധാനം തകർക്കുന്നതിനും പ്രേരിപ്പിക്കുന്ന വിഡിയോകൾ പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. പിടിയിലായ എല്ലാവരെയും പ്രോസിക്യൂഷന് കൈമാറി. ഇത്തരം തെറ്റായ വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.