ദുബായ് : അബുദാബി ഉൾപ്പെടയുള്ള നഗരങ്ങളിൽ ആക്രമണം നടക്കുകയും ദുബായിക്കു സമീപം സ്ഫോടനമുണ്ടാവുകയും ചെയ്തതോടെ ഗൾഫിലെ പ്രവാസികൾ ആശങ്കയിലാണ്.
കൺമുന്നിൽ കണ്ട സംഭവവികാസങ്ങളും രാജ്യത്തെ അവസ്ഥകളും പ്രവാസികൾ പങ്കുവയ്ക്കുന്നു: കൺമുന്നിൽ പുക തുപ്പി മിസൈലുകൾ: ബഹാറൈനിലെ ജുഫൈറിൽ നിന്ന് മാത്യൂസ് വർഗീസ് വീട്ടിലേക്കുള്ള സാധനങ്ങളുമായി മടങ്ങുമ്പോൾ നേരെ മുന്നിലാണ് വലിയ ശബ്ദത്തോടെ എന്തോ സാധനം ആകാശത്തു നിന്ന് വീണത്. പിന്നെ കനത്ത പുക വ്യാപിച്ചു.ഇറാൻ ആക്രമിച്ചതാണെന്നു മനസ്സിലാകാൻ പിന്നെയും സമയം എടുത്തു. അപ്പോഴേക്കും തുടർച്ചയായി സ്ഫോടനങ്ങളുണ്ടായി. ഏറ്റവും തിരക്കുള്ള റോഡിനു തൊട്ടടുത്താണ് ഈ സംഭവങ്ങളൊക്കെ കാണുന്നത്. മൊബൈലിൽ മുന്നറിയിപ്പു സന്ദേശം വന്നു, പെട്ടന്നു സൈറൺ മുഴങ്ങി. അപ്പോഴേക്കും ഇത് വ്യോമാക്രമാണെന്നു മനസിലായി.
പിന്നെ, ആകെ ഒരു പരവേശമായിരുന്നു. ആളുകൾ തിരക്കിട്ട് ഓടുന്നു, എല്ലായിടത്തും യുദ്ധഭീതി. അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്ത അവസ്ഥ. വൈകുന്നേരത്തോടെയാണ് അൽപം ശാന്തമായത്. ബഹ്റൈനിൽ അമേരിക്കൻ സൈനിക താളം സ്ഥിതി ചെയ്യുന്ന ജുഫൈറിലാണ് ഈ സംഭവങ്ങളൊക്കെ നടന്നത്. ആകാശത്ത് പുകതുപ്പി പോകുന്ന മിസൈലുകൾ നമ്മുടെ കണ്ണിനു മുന്നിൽ കാണാമായിരുന്നു.
കെട്ടിടങ്ങൾ കുലുങ്ങി, പേടികൊണ്ട്‌വിറച്ചു: യുഎഇയിലെ മുസഫറിൽ നിന്ന് കൃഷ്ണകുമാർ മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന മേഖലയാണ് മുസഫ. ഇവിടെ ഉച്ചയോടെ വലിയ ശബ്ദം കേട്ടാണ് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിയത്. അപ്പോൾ കാണുന്നത് ആകാശത്ത് വലിയ വെളിച്ചവും സ്ഫോടന ശബ്ദവുമാണ്. സ്ഫോടനത്തിനു പിന്നാലെ കെട്ടിടങ്ങൾ കുലുങ്ങി. എന്തെല്ലാമോ സാധനങ്ങൾ ഭൂമിയിലേക്കു വീഴുന്നുണ്ടായിരുന്നു. ലേബർ ക്യാംപുകളുള്ള പ്രദേശമാണ് അവിടെ. അതിന്റെ പിന്നിലേക്ക് ചില വസ്തുക്കൾ വീഴുന്നത് കണ്ടു.
തുടർച്ചയായി സ്ഫോടനം ഉണ്ടായി. ആകാശത്ത് മിസൈലുകൾ യുഎഇ സൈന്യം തകർക്കുന്നതിന്റെ ശബ്ദമാണെന്നു പിന്നീട് മനസിലായി. ഫ്ലാറ്റുകളിൽ നിന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു . മൊബൈലിൽ മുന്നറിയിപ്പ് മെസേജ് വന്നു. കുറേ നേരത്തേക്കു മരവിപ്പായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥ. അത്രയും പേടിച്ചു പോയി.ഓർമയിൽ വന്നത് കഴിഞ്ഞ കൊല്ലത്തെ പൊട്ടിത്തെറി: ഖത്തറിലെ ദോഹിൽ നിന്ന് ഏബ്രഹാം ഓഫിസുകളിൽ നിന്നു വീടുകളിലേക്കു മടങ്ങാനുള്ള അറിയിപ്പാണ് ആദ്യം വന്നത്. പിന്നാലെ, ഉഗ്രസ്ഫോടനമുണ്ടായി.
കഴിഞ്ഞ വർഷം ഇതേ പോലെ സ്ഫോടനം ഉണ്ടായത് ഓർമ വന്നു. മിസൈൽ ആക്രമണമാണെന്നു മനസിലായി. വലിയ പുകയോടു കൂടി ചില സാധനങ്ങൾ ആകാശത്തൂ കൂടി നീങ്ങുന്നതാണ് ഓഫിസിനു വെളിയിൽ ഇറങ്ങിയപ്പോൾ കണ്ട കാഴ്ച. ജെറ്റ് വിമാനം ആകാശത്തു കൂടി പോകുമ്പോൾ ഉണ്ടാകുന്നതു പോലെ പുകച്ചുരുൾ. അതിന്റെ പാടുകൾ ആകാശത്ത് പിന്നെയും കുറെ നേരമുണ്ടായിരുന്നു. സ്ഫോടനം ഉണ്ടായപ്പോൾ വലിയ കുലുക്കം അനുഭവപ്പെട്ടു. ആകാശത്ത് മാത്രമല്ല, ഭൂമിയിലും സ്ഫോടക വസ്തുക്കൾ പതിച്ചു.
കറുത്ത പുകച്ചുരുൾ ഉയർന്നു. വലിയ തീപിടിത്തവും കാണാമായിരുന്നു.കുവൈത്ത് സൂപ്പർ മാർക്കറ്റിലും എടിഎമ്മിലും വൻ തിരക്ക്: കുവൈത്തിൽ നിന്ന് മനു ഓഫിസിൽ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം പുറത്ത് കേട്ടത്. രണ്ടു തവണ ശബ്ദം കേട്ടു. എല്ലാവരും ഭയന്നു പോയി. വീടുകളിലേക്കു മടങ്ങാൻ അറിയിപ്പു വന്നു. സ്കുളുകളും വിട്ടു. കുട്ടികൾ സുരക്ഷിതരായി വീട്ടിലെത്തുന്ന കാര്യത്തിലായിരുന്നു ആശങ്ക. എന്തായാലും റോഡുകളിൽ വാഹനങ്ങൾ കുറവായിരുന്നു. സുരക്ഷിതമായി വീട്ടിലെത്തി. അപ്പോഴാണ് അടുത്ത പ്രശ്നം.
ആളുകൾ കൂട്ടത്തോടെ സൂപ്പർ മാർക്കറ്റുകളിലേക്ക് ഓടുന്നു. അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. അതുപോലെ തന്നെ എടിഎം കൗണ്ടറുകളിലും ജനക്കൂട്ടമായിരുന്നു. പൈസ എടുത്തു വയ്ക്കാനും ജനം തിരക്കു കൂട്ടുന്നത് കാണാമായിരുന്നു. എല്ലാവരും വല്ലാതെ പേടിച്ചു പോയി. സാധനങ്ങൾ തീരുമോയെന്ന ആശങ്കയായിരുന്നു പലരുടെയും മുഖങ്ങളിൽ. സാധനം വാങ്ങാൻ പോയെങ്കിലും സൂപ്പർ മാർക്കറ്റിന്റെ അടുത്തു പോലും എത്താൻ സാധിച്ചില്ല.
അത്രയും തിരക്കാണ്.പുറത്തിറങ്ങുന്നതിന് കർശന വിലക്ക്: റിയാദിൽ നിന്ന് മലയാളി പ്രവാസി റിയാദിൽ രണ്ടു തവണ ശബ്ദം കേട്ടു. ഉച്ചയ്ക്കാണ് ശബ്ദം കേട്ടത്. പുറത്തിറങ്ങരുതെന്നു രാജ്യം കർശനം നിർദേശം നൽകിയിരുന്നു. ഫോട്ടോ എടുക്കാനോ വീടിനു പുറത്തിറങ്ങാനോ അനുവാദമില്ല. കിഴക്കൻ പ്രവിശ്യയിലും ആക്രമണം ഉണ്ടായതായി സുഹൃത്തുക്കൾ പറഞ്ഞു. ജനവാസ മേഖലയിൽ എന്തെങ്കിലും സംഭവിച്ചതായി അറിവില്ല.ഒമാൻ ഒഴികെയുള്ള 5 ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു. മിസൈൽ ആക്രമണത്തിൽ കുവൈത്ത് വിമാനത്താവളം ഭാഗികമായി തകർന്നു. മേൽക്കൂരയുൾപ്പെടെ നിലംപതിച്ചു.
മിസൈൽ അവശിഷ്ടം വീണ് അബുദാബിയിൽ പാക്കിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. ദുബായിലെ പാം ജുമൈറയിൽ മിസൈൽ വീണു 4 പേർക്കു പരുക്കേറ്റു. ബഹ്റൈനിൽ ഹൂറയിൽ ഇറ ടവർ അപാർട്മെന്റിൽ മിസൈൽ പതിച്ച് വൻ തീപിടിത്തമുണ്ടായി. ഇറാനിൽ നടത്തിയ ആക്രമണത്തെ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്നു വിശേഷിപ്പിച്ച യുഎസ് ആയത്തുല്ല ഖമനയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നാണു സൂചന.
ഇവർ സുരക്ഷിതരാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇറാൻ പ്രതിരോധമന്ത്രി അമീർ നസീർസാദയും റവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പോറും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈനികവൃത്തങ്ങൾ പറഞ്ഞെങ്കിലും ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.