ചരിത്രത്തില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാപഞ്ചവാദ്യം മാര്‍ച്ച് 8 വനിതാദിനത്തില്‍ അരങ്ങേറി.

എടപ്പാൾ :സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചരിത്രത്തില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാപഞ്ചവാദ്യം മാര്‍ച്ച് 8 വനിതാദിനത്തില്‍ അരങ്ങേറി.

75 സ്ത്രീകള്‍ ഉള്‍പ്പെടുന്ന 'മാത്രിക' വനിതാപഞ്ചവാദ്യസംഘമാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പഞ്ചവാദ്യം അവതരിപ്പിച്ചത്. വാദ്യകലാരംഗത്തെ നൂറ്റാണ്ടുകളായുള്ള ലിംഗവിവേചനത്തിന് അന്ത്യം കുറിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കണ്ടനകത്ത്, സ്ത്രീകള്‍ ഈ മേഖലയില്‍ ചുവടുറപ്പിക്കുന്ന കാഴ്ച, വനിതാദിനത്തിന് മുന്‍പില്ലാത്ത മിഴിവ് പകര്‍ന്നു. 

പത്തു വയസ്സ് മുതല്‍ 74 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളാണ് പഞ്ചവാദ്യത്തില്‍ അണിനിരന്നത്. 21 തിമിലയും, 10 മദ്ദളവും, 8 ഇടയ്ക്കയും,  14 കൊമ്പും, 21 ഇലത്താളവും, 1 ശംഖുമാണ് പഞ്ചവാദ്യ അരങ്ങേറ്റത്തിന്റെ ഭാഗമായത്.  

വാദ്യകലയെ ജനകീയമാക്കാനും ഈ മേഖലയില്‍ മേന്മയും, തുല്യതയും ഉറപ്പുവരു ത്താനുമായി പ്രവര്‍ത്തിക്കുന്ന സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ വാദ്യകലാ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം വനിതാപഞ്ചവാദ്യത്തിനു തൊട്ടുമുന്‍പായി നടന്നു. വാദ്യകുലപതികളായ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കരിയന്നൂര്‍ നാരായണന്‍നമ്പൂതിരി, മട്ടന്നൂരിന്റെ മക്കളും പ്രശസ്ത താളവാദ്യകലാകാരന്മാരുമായ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, എന്നിവര്‍ തിമിലയിലും, ഇടയ്ക്കയിലും, മദ്ദളത്തിലും, ഇലത്താളത്തിലും ഗണപതിക്കൈ കൊട്ടിക്കൊണ്ടാണ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചത്. 

സോപാനത്തിന്റെ സഭാമണ്ഡപത്തിന്റെ ഉദ്ഘാടനം കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും സോപാനം കലാഗ്രന്ഥശാലയുടെ ഉദ്ഘാടനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണനും നിര്‍വഹിച്ചു. പറയി പെറ്റു പന്തിരുകുലത്തിന്റെ ഐതിഹ്യം സൂചിപ്പിക്കുന്ന സമുദായ മൈത്രിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് വിവിധ വിഭാഗങ്ങളില്‍ പെട്ട 12 കലാകാരന്മാരും പ്രമുഖ വ്യക്തിത്വങ്ങളും ചേര്‍ന്ന് 12 തിരിയിട്ട നിലവിളക്കു കൊളുത്തി. പറയി പെറ്റ പന്തിരുകുലത്തിലെ ഒരു കുടുംബമായ മേഴത്തോള്‍ അഗ്‌നിഹോത്രിയുടെ തറവാട്ടില്‍നിന്ന് എത്തിയ രമണി അന്തര്‍ജ്ജനം വിളക്ക് കൊളുത്തലിനു തുടക്കം കുറിച്ചു. 

വനിതാപഞ്ചവാദ്യത്തിനു ശേഷം നടന്ന സാംസ്‌കാരികസദസ്സ് പ്രശസ്ത സ്ത്രീ പ്രവര്‍ത്തകയും അന്വേഷി വിമന്‍സ് കൗണ്‍സലിംഗ് സെന്ററിന്റെ പ്രസിഡന്റുമായ കെ. അജിത ഉദ്ഘാടനം ചെയ്തു. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. തവനൂര്‍ എം.എല്‍.എ., കെ.ടി.ജലീല്‍, പൊന്നാനി എം.എല്‍.എ., പി. നന്ദകുമാര്‍, നോര്‍ക്ക ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, പ്രമുഖ നാടകപ്രവര്‍ത്തകയും കലാപാഠശാലയുടെ സ്ഥാപകയുമായ ശ്രീജ ആറങ്ങോട്ടുകര എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. 

വൈകിട്ട് 4 മണിക്ക് ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകം, 'ഇടനിലങ്ങള്‍', അവതരിപ്പിച്ചു. വൈകിട്ട് 6 മണിക്ക് കുചേലവൃത്തം കഥകളിയും അരങ്ങേറി. 

താളവാദ്യങ്ങളുടെ കാര്യത്തില്‍ ലോകാത്ഭുതം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സവിശേഷമായ പാരമ്പര്യവും സംസ്‌കാരവും ഉള്ള പ്രദേശമാണ് കേരളം. നമ്മുടെ ചെണ്ടയും പഞ്ചവാദ്യവും സമാനതകളില്ലാത്ത വാദ്യവിശേഷങ്ങളാണ്. അഞ്ച് വാദ്യങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന താളലയമാണ് പഞ്ചവാദ്യം എന്ന അപൂര്‍വ്വ സിംഫണിയുടെ മൗലികത. ഓരോരുത്തരും വവ്വേറെയായി കൊട്ടി ഒടുവില്‍ എല്ലാവരും കൂടി കൊട്ടികൂര്‍പ്പിക്കുന്ന ക്ലാസിക്കല്‍ പഞ്ചവാദ്യത്തിലെ താളഗോപുരം ലോകോത്തരമായ ഒരു വാദ്യവിസ്മയംതന്നെയാണ്.

ഈ സംസ്‌കൃതി സംരക്ഷിക്കേണ്ടതും വരുതലമുറയ്ക്ക് ശാസ്ത്രീയമായ രീതിയില്‍ പകര്‍ന്നു കൊടുക്കേണ്ടതും കലാകേരളത്തിന്റെ ബാധ്യതയാണ്. ഈ സാംസ്‌കാരികമായ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് 2010 മുതല്‍ വാദ്യകലാരംഗത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായ ഒരു സ്ഥാപനമാണ് സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യം. 

നീണ്ട 16 വര്‍ഷക്കാലത്തെ പരിശ്രമത്തിന്റെ ഫലമായി വാദ്യകലാപഠനത്തിനും ഗവേഷണങ്ങള്‍ക്കും വാദ്യോപകരണ നിര്‍മ്മാണത്തിനുമായുള്ള ഒരു മികച്ച സ്ഥാപനമായി സോപാനം വളര്‍ന്നിട്ടുണ്ട്. ഈ രംഗത്ത് വനിതകള്‍ക്ക് ഇടം നല്‍കാനും നല്ല പരിശീലനം സിദ്ധിച്ച കലാകാരികളുടെ ഒരു നിര സൃഷ്ടിക്കാനുമായിരിക്കും സോപാനം സ്‌കൂള്‍ തുടര്‍ന്ന് ശ്രമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !