കവന്‍ട്രി: ജീവിക്കാന്‍ ആവശ്യമായ മാന്യമായ വേതനം തന്നെയാണ് എന്‍എച്ച്എസില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്നത് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
പോലീസുകാരെയും അധ്യാപകരെയും മറ്റു സിവില്‍ സര്‍വീസ് ജീവനക്കാരെയും ഒക്കെ താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന തസ്തികയില്‍ ഉള്ള നഴ്സുമാര്‍ അവര്‍ക്കൊക്കെ മുകളില്‍ തന്നെയാണ് ശമ്പളം കൈപ്പറ്റുന്ന കാര്യത്തില്‍. എന്നാല്‍ ഉയര്‍ന്ന വേതനം കിട്ടിയിട്ടും അത് പോരാതെ സൈഡ് ബിസിനസിന് ഇറങ്ങുന്ന അനേകം മലയാളി നഴ്സുമാര്‍ക്ക് ഇപ്പോള്‍ ഗുണപാഠമായി മാറുകയാണ് നോര്‍ത്ത് ഈസ്റ്റിലെ ഒരു മലയാളി നഴ്സിന് ഉണ്ടായ അനുഭവം.ഈ നഴ്സിന് ഉയര്‍ന്ന പദവി കിട്ടാന്‍ കാരണമായ മലയാളി ജീവനക്കാരന് അടക്കം ഒരു ഡസനോളം പേരെ നേരിട്ട് ബാധിക്കുന്ന വിഷയം ആയതിനാലാണ് കൃത്യ വിലോപം നടത്തി എന്ന കാരണത്താല്‍ എന്‍എച്ച്എസ് പിരിച്ചു വിട്ട മലയാളി നഴ്സിന്റെ പേര് മാധ്യമങ്ങൾ വെളിപ്പെടുത്താത്തത്.
വടക്കന്‍ ഇംഗ്ലണ്ടിലെ വിദൂര പട്ടണങ്ങളില്‍ ഒരിടത്തതാണ് ഈ സംഭവം അരങ്ങേറുന്നത്. നഴ്സുമാരെ ആവശ്യത്തിന് ലഭിക്കാന്‍ പ്രയാസം ഉണ്ടായതോടെ നഴ്സിംഗ് രംഗത്ത് യോഗ്യത നേടി വരുന്നവര്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയായ ഓസ്കി ട്രെയിനിംഗ് സ്വന്തമായി ആരംഭിച്ച ട്രസ്റ്റില്‍ അതിനു ചുമതലക്കാരായി നിയോഗിക്കപ്പെട്ടത് ഒരു പറ്റം മുതിര്‍ന്ന മലയാളി നഴ്സുമാരാണ്. പ്രോജക്ടിന്റെ ചുമതലയില്‍ ഉണ്ടായിരുന്നതും ഒരു മുതിര്‍ന്ന മലയാളി ജീവനക്കാരന് തന്നെയാണ്. ഇദ്ദേഹം മുന്‍കൈ എടുത്താണ് മലയാളി നഴ്സുമാര്‍ക്ക് ഈ പ്രൊജക്ടില്‍ അവസരം ലഭിച്ചത് പോലും.
എന്നാല്‍ കിട്ടിയ അവസരം എങ്ങനെ അധിക ധനമാര്ഗം കണ്ടെത്താന്‍ ഉപയോഗപ്പെടുത്താം എന്നതായിരുന്നു പരിശീലന പരിപാടിയുടെ ചുമതലക്കാരില്‍ ഒരാളായ മലയാളി നഴ്സിന്റെ ആലോചന. ഇതിനായി അവര്‍ വീട്ടില്‍ തന്നെ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. പരീക്ഷ പാസായി യോഗ്യത നേടുമ്പോഴേക്കും ഒരു ഉദ്യോഗാര്‍ത്ഥി 800 പൗണ്ടാണ് ഇവര്‍ക്ക് ഫീസായി നല്‍കേണ്ടിയിരുന്നത്. ഒരു ഘട്ടത്തില്‍ ഒരു ഡസനിലേറെ ഉദ്യോഗാര്‍ത്ഥികള്‍ ഇവര്‍ക്ക് കീഴില്‍ പരിശീലനത്തിന് എത്തിയിരുന്നു. എന്നാല്‍ ഓരോ ബാച്ചിലും ഇവര്‍ക്ക് കീഴില്‍ പരിശീലനത്തിന് എത്തിയവര്‍ കൂട്ടമായി ജയിക്കുന്നത് കണ്ടതോടെ എന്‍എച്ച്എസ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംശയമായി. ഇതോടെ ആഭ്യന്തര അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തി.
ഈ ഘട്ടത്തിലാണ് പരീക്ഷക്ക് ഒരാഴ്ചയ്ക്ക് മുന്‍പേ തയ്യാറാകുന്ന ചോദ്യാവലിയിലേക്ക് കൈകടത്താന്‍ കഴിയുന്ന പദവിയില്‍ ഉള്ള നഴ്സ് സ്വന്തമായി പരിശീലന പദ്ധതി നടത്തുന്നു എന്ന വിവരം എന്‍എച്ച്എസ് മനസിലാക്കിയത്. ഇതോടെ അതുവരെ നടത്തിയ മുഴുവന്‍ പരീക്ഷയിലും കൃത്രിമം നടന്നെന്നു വ്യക്തമായി. എന്നാല്‍ ഈ കാര്യം പുറത്തു പറയാന്‍ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലായി എന്‍എച്ച്എസ്. കാരണം രാജ്യത്തു മുഴുവന്‍ നടന്ന സമാനമായ പരിശീലന പദ്ധതിയില്‍ ഇത്തരം കൃത്രിമം നടന്നോ എന്ന സംശയം ഉയരുകയും അതുവരെ പങ്കെടുത്തവരെ മുഴുവന്‍ വ്യാജ പരീക്ഷ പാസായി വന്നവരെന്നു മുദ്ര കുത്തുകയും വേണ്ടി വരും.
മാത്രമല്ല എന്‍എച്ച്എസിന്റെ ഗുഡ്വില് തന്നെ നഷ്ടമാകുകയും ചെയ്യും. ഈ ആരോപണം ഉയര്‍ന്ന സമയത്തു തന്നെയാണ് സമാനമായ വിധത്തില്‍ ഐഇഎല്‍ടിഎസ്, ഒഇടി കേരളത്തില്‍ നടത്തിയ പരീക്ഷ കേന്ദ്രങ്ങളില്‍ ചോദ്യ ചോര്‍ച്ച ഉണ്ടായെന്ന വിവാദം ഉയരുന്നതും പരീക്ഷ നടത്തിപ്പുകാരനെ തൃശൂരില്‍ തട്ടിക്കൊണ്ടു പോയി കോടികള്‍ ആവശ്യപ്പെടുന്നതും ഒടുവില്‍ കോട്ടയത്തെ പരീക്ഷ കേന്ദ്രം കൃത്രിമത്തിന്റെ ഉറവിടം ആയിരുന്നു എന്ന തരത്തില്‍ ഉള്ള ഗൗരവതരമായ ആക്ഷേപം മാധ്യമങ്ങളില്‍ എത്തിയത്.തുടര്‍ന്ന് എന്‍എച്ച്എസില്‍ എത്തിയ നാനൂറോളം മലയാളി നഴ്സുമാര്‍ക്കാണ് വീണ്ടും പരീക്ഷ എഴുതേണ്ടി വരും എന്ന നിലയില്‍ എന്‍എച്ച്എസ് കത്തുകള്‍ അയച്ചത്.
ഇത്തരം കത്തു കൈപ്പറ്റിയ ഒരു മലയാളി യുവ നഴ്സ് ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയതോടെ എന്‍എച്ച്എസ് ആ നീക്കത്തില്‍ നിന്നും പിന്മാറുക ആയിരുന്നു. ഇതെല്ലാം അധികൃതര്‍ക്ക് മുന്നില്‍ നിന്ന സാഹചര്യത്തിലാണ് വടക്കന്‍ പട്ടണത്തില്‍ മലയാളി നഴ്സ് കാട്ടിയ കൃത്രിമത്വം അവരെ ജോലിയില്‍ നിന്നും പുറത്താക്കി സ്വന്തം തടി രക്ഷിക്കുക എന്ന മാര്‍ഗത്തിലേക്ക് എന്‍എച്ച്എസിനെ എത്തിച്ചത്.
ജോലി നഷ്ടമായ നഴ്സ് ആകട്ടെ പരാതി പോലും ഉയര്‍ത്താതെ സ്ഥലം കാലിയാക്കുകയും ചെയ്തു. ഇവര്‍ പരാതിക്ക് മുതിര്‍ന്നെങ്കില്‍ ജയില്‍ വാസം ഉറപ്പായ കേസ് ആണെന്ന് അവരെ ആരെങ്കിലും ബോധ്യപ്പെടുത്തിയതുമാകാം പരാതിക്ക് നില്‍ക്കാതെ സ്ഥലം വിടാന്‍ പ്രേരിപ്പിച്ചതും.ഇപ്പോള്‍ പ്രദേശത്തെ മലയാളി ഉടമസ്ഥതയില്‍ ഉള്ള നഴ്സിംഗ് ഹോമില്‍ സാധാരണ നഴ്സ് ആയി ജോലി ചെയ്യുകയാണ് ഉന്നത പദവി ഒരുകാലത്തു സ്വന്തമായുണ്ടായിരുന്ന ഈ നഴ്സ് എന്നാണ് ലഭിക്കുന്ന വിവരം.
ഈ സംഭവത്തെ തുടര്‍ന്ന് വടക്കന്‍ പട്ടണത്തിലെ എന്‍എച്ച്എസില്‍ ജോലി ലഭിക്കേണ്ട ഒട്ടേറെ നഴ്സുമാര്‍ക്ക് അതിനുള്ള അവസരവും ഇത് മൂലം നഷ്ടമായി. ഈ ട്രസ്റ്റില്‍ ആ പരീക്ഷ ചുമതല ഉള്ളവരെ മുഴുവന്‍ സംഭവത്തെ തുടര്‍ന്ന് മറ്റു ജോലികളിലേക്ക് മാറ്റിയ എന്‍എച്ച്എസ് നല്കുന്ന സന്ദേശം വ്യക്തമാണ്. ഭാവിയില്‍ ഇത്തരം ഉന്നത പദവികള്‍ തേടി എത്തുമ്പോള്‍ മലയാളികളെ പരിഗണിക്കുമ്പോള്‍ ഇത്തരം പരാതികള്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നതിലൂടെ അങ്ങനെ ലഭിക്കുന്ന അവസരം പോലും പലയിടത്തും ഇല്ലാതാകാനും സാധ്യത ഏറെയാണ്.
ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിയുന്ന യുകെയിലെ മലയാളി നഴ്സിംഗ് സംഘടനകള്‍ തല മണ്ണില്‍ പൂഴ്ത്തി നില്ക്കുന്ന ഒട്ടകപക്ഷിയെയാണ് ഓര്‍മ്മിപ്പിക്കുന്നത് എന്നത് ചിരിച്ചു തള്ളാനുള്ള ഉപമേയല്ല. വാര്‍ഷിക യോഗങ്ങളും കോണ്‍ഫറന്‍സുകളും സംഘടിപ്പിച്ച് ആഘോഷങ്ങള്‍ക്ക് പിന്നാലെ പായുന്ന സംഘടനകള്‍ ഒറ്റപ്പെട്ട നിലയില്‍ ആണെങ്കിലും മലയാളി എന്‍എച്ച്എസ് ജീവനക്കാര്‍ കൃത്രിമം കാണിക്കാന്‍ ഇറങ്ങിയാല്‍ ഭാവിയില്‍ പലര്‍ക്കും കയ്യില്‍ എത്താവുന്ന പദവികള്‍ പോലും ഇല്ലാതായി പോകും എന്ന വസ്തുതയെ നേരിടാന്‍ പോലും അശക്തരായി നില്ക്കുന്ന കാഴ്ച അതി ദയനീയവുമാണ്.
തുറന്ന് കാണിക്കേണ്ട കാര്യങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പലര്‍ക്കും ഇത്തരം അതിമോഹം സംഭവിക്കുകയും സ്വന്തക്കാരെ തിരുകി കയറ്റാന്‍ മലയാളി മാനേജര്‍മാരും മേട്രന്മാരും ഒക്കെ ശ്രമിക്കാറുണ്ട് എന്ന ആരോപണമൊക്കെ വായുവില്‍ നില്‍ക്കുന്നത് അല്പം വാസ്തവം കലര്‍ന്നത് ആണെന്ന് ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
ഉയര്‍ന്ന പദവികളില്‍ എത്തുന്നവര്‍ കൂടുതല്‍ കാര്യക്ഷമതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതുവഴി സംഭവിക്കുന്ന നഷ്ടത്തിന്റെ ആക്കം ആര്‍ക്കും പ്രവചിക്കാന്‍ പോലും കഴിയാത്തത് ആയിരിക്കും എന്നും ഓസ്കി പരിശീലന കൃത്രിമത്വം തെളിയിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.