ദിസ്പുർ: കേരളത്തിനൊപ്പം ഏപ്രിൽ 9ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച് കോൺഗ്രസ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ഇന്ന് അസമിൽ പുറത്തിറക്കിയ കോൺഗ്രസ് പ്രകടന പത്രികയിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസിനെപ്പറ്റി വ്യക്തമാക്കുന്നത്. പാർട്ടിയുടെ പ്രകടനപത്രിക കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പുറത്തിറക്കിയത്. സ്ത്രീകൾക്കുള്ള ധനസഹായം, ആരോഗ്യ ഇൻഷുറൻസ്, ഭൂമി അവകാശം എന്നിവയുൾപ്പെടെയുള്ള അഞ്ച് പ്രധാന ഗ്യാരന്റികളാണ് അസമിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ സ്ത്രീകൾക്കും നിബന്ധനകളില്ലാതെ പ്രതിമാസ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകുമെന്നാണ് ഒന്നാമത്തെ ഗ്യാരന്റി. കൂടാതെ സ്വന്തമായി വ്യവസായം തുടങ്ങാൻ 50,000 രൂപയും നൽകും. നിലവിൽ ബിജെപി നൽകുന്ന സഹായം ലഭിക്കാൻ ആ പാർട്ടിയുടെ അംഗമാകണമെന്ന നിബന്ധനയുണ്ടെന്നും എന്നാൽ കോൺഗ്രസ് അത്തരം വിവേചനങ്ങൾ കാണിക്കില്ലെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു.
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുമെന്നും രാജസ്ഥാൻ, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് ഇത് നടപ്പിലാക്കിയിട്ടുണ്ടെന്നും ഖർഗെ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ സിംഗപ്പൂരിൽ വച്ച് കൊല്ലപ്പെട്ട പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ കൊലപാതകത്തിനു, അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ നീതി ഉറപ്പാക്കുമെന്നും ഖർഗെ വാഗ്ദാനം ചെയ്തു. നിലവിലെ സർക്കാർ നൽകുന്ന വാർഷിക ഭൂമി പട്ടയത്തിനു പകരം, 10 ലക്ഷം തദ്ദേശവാസികൾക്ക് സ്ഥിരമായ പട്ടയം നൽകും.
കൂടാതെ സംസ്ഥാനത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും പ്രതിമാസം 1,250 രൂപ വീതം നൽകുമെന്നും പ്രകടനപത്രികയിലുണ്ട്. ബിജെപി സർക്കാരിന്റെ അഴിമതിയിൽ നിന്നും ദുർഭരണത്തിൽ നിന്നും അസമിനെ മോചിപ്പിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് ഖർഗെ പറഞ്ഞു.
മതപരമായ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും മറ്റൊരു മതത്തെ ലക്ഷ്യം വയ്ക്കുന്നവർക്കും അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുന്ന നിയമം കൊണ്ടുവരുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് വാഗ്ദാനം ചെയ്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.