ദുബായ്: ദുബായ് തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന കുവൈത്ത് എണ്ണക്കപ്പലായ ‘അൽ സാൽമി’ക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നു. ഇന്ന് (ചൊവ്വ) പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.
ക്രൂഡ് ഓയിൽ നിറച്ചിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കപ്പലിന്റെ ഉൾഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു. എന്നാൽ ദുബായിലെ എമർജൻസി റെസ്‌പോൺസ് ടീമും ഫയർഫോഴ്‌സും ചേർന്ന് തീ പൂർണമായും അണച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) അറിയിച്ചു. സമുദ്രത്തിൽ എണ്ണച്ചോർച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. കപ്പലിന്റെ കേടുപാടുകൾ വിലയിരുത്താൻ സാങ്കേതിക വിദഗ്ധരുടെ പരിശോധന തുടരുന്നു. ഈ അപ്രതീക്ഷിത സംഭവത്തെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഇതിനിടെ ദുബായിലെ അൽ ബദ മേഖലയിലുണ്ടായ വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മിസൈലുകളും ഡ്രോണുകളും തടഞ്ഞപ്പോഴുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് വിജനമായ ഒരു വീടിന് തീപിടിച്ചു. സമീപത്തുണ്ടായിരുന്ന നാല് പേർക്ക് നിസാര പരുക്കേറ്റു.
രാജ്യത്തെ സ്ഥിതിഗതികൾ നിലവിൽ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.