ചെന്നൈ: റംസാനിലെ 28-ാം നാളിൽ വിശ്വസികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മഹാബലിപുരം ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്. വിശ്വാസികൾക്കൊപ്പം നോമ്പുതുറന്ന വിജയ്, പ്രാർഥനകളിലും പങ്കെടുത്തു.
ബുധനാഴ്ച ആറുമുതൽ ഒമ്പതുവരെ മഹാബലിപുരത്തെ ഹോട്ടലിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതായി കഴിഞ്ഞദിവസം ടിവികെ അറിയിച്ചിരുന്നു. ആയിരം പേർക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. ആറുമണിയോടെ വേദിയിലെത്തിയ വിജയ് വിശ്വാസികൾക്കൊപ്പം നോമ്പുതുറന്നു. തുടർന്ന് പ്രാർഥനകളിൽ പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ടുനിറത്തിലുള്ള പാന്റ്‌സും നിസ്‌കാരത്തൊപ്പിയും ധരിച്ചാണ് വിജയ് ചടങ്ങുകളിൽ പങ്കെടുത്തത്. വിശ്വാസികളേയും പാർട്ടി പ്രവർത്തകരേയും അഭിസംബോധനചെയ്ത് ചെറുപ്രസംഗവും വിജയ് നടത്തി. ടിവികെ എൻഡിഎ സഖ്യത്തിൽ ചേരാനായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾ വിജയ് നിഷേധിച്ചു. മതനിരപേക്ഷ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വിജയ് വ്യക്തമാക്കി.
സഖ്യമുണ്ടാക്കാൻ പോകുന്നുവെന്ന വാർത്ത വ്യാജമാണെന്നും ടിവികെയുടെ നേതൃത്വത്തിലായിരിക്കും അടുത്ത സർക്കാർ എന്നും വിജയ് വ്യക്തമാക്കി. വിശ്വാസികൾക്ക് റംസാൻ ആശംസ നേർന്ന വിജയ് പതിവുപോലെ 'ആത്മവിശ്വാസത്തോടെയിരിക്കുക, നല്ലത് നടക്കും, വിജയം സുനിശ്ചിതം' എന്ന വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. 'രാഷ്ട്രീയത്തിലേക്ക് വന്ന കാലം മുതൽ പല കിംവദന്തികളും പ്രചരിപ്പിക്കുന്നുണ്ട്. ആ ടീം, ഈ ടീം എന്നെല്ലാം പറയുന്നുണ്ട്. എന്നാൽ ഇയാൾ ഒരു ടീമും അല്ല, ജനങ്ങളുടെ ടീമാണെന്ന് മനസ്സിലായ ശേഷം, എന്ത് അപവാദം പരത്താം എന്നായിരുന്നു ശ്രമം. എന്നാൽ അതൊന്നും ഫലിച്ചില്ല. അതിനാൽ അവസാനമായി എന്താണ് വിജയ്യെ ചെയ്യാനാകുക എന്ന് ചിന്തിച്ചപ്പോഴാണ്, ഈ മുന്നണി, ആ മുന്നണി, മറ്റേ മുന്നണി എന്നിങ്ങനെ സഖ്യമുണ്ടാക്കാൻ പോകുന്നുവെന്ന വ്യാജപ്രചരണം നടത്തിക്കൊണ്ടിരുന്നത്', വിജയ് പറഞ്ഞു.
'വാർത്തകൾ കേട്ട് നിങ്ങൾ കുറച്ചൊക്കെ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകും. ഞങ്ങൾ എപ്പോഴും മതനിരപേക്ഷത എന്ന നയത്തിൽ, മതനിരപേക്ഷ സാമൂഹിക നീതി എന്ന ആ നിലപാടിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ നേതൃത്വത്തിൽ തന്നെ ഭരണം എന്ന കാര്യത്തിൽ ഉറച്ച നിലപാടിലാണ്. രാഷ്ട്രീയത്തിൽ ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും വിട്ടുവീഴ്ച ചെയ്യില്ല, അങ്ങനെയൊരു ചർച്ചയില്ല. അതിനാൽ എന്ത് അപവാദം പ്രചരിപ്പിച്ചാലും അത് വിശ്വസിക്കരുത്. ആത്മവിശ്വാസത്തോടെയിരിക്കുക, നല്ലത് നടക്കും, വിജയം സുനിശ്ചിതമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം റംസാനിലെ ആദ്യവെള്ളിയാഴ്ച ചെന്നൈയിലെ റോയൽപേട്ട വൈഎംസിഎ മൈതാനത്ത് വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. അന്നും വൈകീട്ടത്തെ പ്രാർഥനയിൽ പങ്കെടുത്ത വിജയ്, വിശ്വാസികൾക്കൊപ്പം നോമ്പുതുറന്നു. ആയിരക്കണക്കിന് പേർ അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.