കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ സി–വിജിൽ മൊബൈൽ ആപ് വഴി അധികാരികളെ അറിയിക്കാം. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 15 മുതൽ സി–വിജിൽ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാണ്.
പണം, മദ്യം, ലഹരി, പാരിതോഷികം എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജവാർത്തകൾ, അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ തുടങ്ങി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഏതു വിവരവും ഈ സംവിധാനത്തിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വിഡിയോകൾ, ശബ്ദരേഖകൾ എന്നിവയും നൽകാനാകും.
ജിഐഎസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാക്കുന്നതിനാൽ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാനാകും. ആപ് വഴി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും കലക്ടറേറ്റിൽ ഒരുക്കിയിട്ടുണ്ട്. കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികൾ തുടങ്ങിയവ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനിൽ പൊതുജനങ്ങൾക്ക് സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്തിയും അല്ലാതെയും വിവരം നൽകാം.
ഫോട്ടോ, വിഡിയോ, ഓഡിയോ എന്നിവ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതിപ്പെടണം. ഫോണിൽ നേരത്തേ ശേഖരിച്ചിട്ടുള്ള വിഡിയോകളും ഫോട്ടോകളും സി–വിജിലിൽ അപ്ലോഡ് ചെയ്യാനാവില്ല. പരാതികൾ ഉടൻതന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകൾക്ക് കൈമാറും. ഫ്ലയിങ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സി–വിജിൽ ഇൻവെസ്റ്റിഗേറ്റർ ആപ്ലിക്കേഷൻ മുഖേനയാണ് പരാതിയുടെ ലൊക്കേഷൻ കണ്ടെത്തുക.
അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോർട്ട് നൽകും. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയിൽ സ്വീകരിച്ച തുടർനടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതി സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. അജ്ഞാതരായ പരാതിക്കാർക്ക് പരാതിയുടെ സ്ഥിതി മൊബൈലിൽ അറിയാൻ കഴിയില്ല. എന്നാൽ ഇവർക്ക് റിട്ടേണിങ് ഓഫിസർമാരെ നേരിട്ട് ബന്ധപ്പെട്ടാൽ വിവരം ലഭിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്- https://play.google.com/store/apps/details?id=in.nic.eci.cvigil








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.