ചങ്ങനാശേരി ;മാർക്കറ്റ് വണ്ടിപ്പേട്ടയിൽ കെട്ടിടത്തിൽ തീപിടിത്തം. മാർക്കറ്റ് – പറാൽ റോഡിൽ ചങ്ങനാശേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ടുനിലക്കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം. മുകൾനിലയിലെ കടമുറികളിലാണ് തീപടർന്നത്. പെയ്ന്റ് ഗോഡൗൺ, അപ്ഹോൾസ്റ്ററി, ആക്രിക്കട ഉൾപ്പെടെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഞായറാഴ്ചയായതിനാൽ ഇന്നലെ ഈ കടകൾ തുറന്നിരുന്നില്ല. താഴത്തെ നിലയിലേക്ക് പടരാതെ അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻദുരന്തം ഒഴിവായി. താഴത്തെ നിലയിലെ കടയിൽ വൻ പെയ്ന്റ് ശേഖരമുണ്ടായിരുന്നു. മുകൾനിലയിൽ കടകൾ പ്രവർത്തിച്ചിരുന്നില്ല.ബലക്ഷയം കണക്കിലെടുത്ത് നഗരസഭ പൊളിച്ചു മാറ്റാൻ തീരുമാനിച്ച കെട്ടിടമായിരുന്നു. തീപിടിത്തതിനു പിന്നാലെ കെട്ടിടത്തിലെ കോൺക്രീറ്റ് ഭാഗങ്ങൾ താഴേക്ക് പതിച്ചു. തീ അണയ്ക്കാൻ കയറിയ അഗ്നിരക്ഷാസേനാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോൺക്രീറ്റ് ഭാഗങ്ങൾ ഇടിഞ്ഞ് വീണത് തീയണയ്ക്കുന്നതിനു വെല്ലുവിളിയായി.കെട്ടിടത്തിനു സമീപത്ത് വ്യാപാരസ്ഥാപനങ്ങൾ മടക്കം പ്രവർത്തിക്കുന്നുണ്ട്. വീടുകളുമുണ്ട്. കെട്ടിടത്തിന്റെ മുകൾനിലയിൽ സൂക്ഷിച്ച ആക്രി സാമഗ്രികളിലും കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്, ഫർണിച്ചറിലുമാണ് തീപടർന്നതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. സമീപവാസികളാണ് ആദ്യം തീ കണ്ടത്. വണ്ടിപ്പേട്ട ഗ്രൗണ്ട് ഭാഗത്തേക്കുള്ള കെട്ടിടത്തിന്റെ പിൻവശത്താണ് തീ കൂടുതലായി ആളിയത്.
ചങ്ങനാശേരി സ്റ്റേഷനിൽ നിന്ന് 3 യൂണിറ്റും കോട്ടയം, തിരുവല്ല സ്റ്റേഷനുകളിൽ നിന്ന് ഓരോ യൂണിറ്റും അഗ്നിരക്ഷാസേന എത്തി. രാത്രി എട്ടോടെ വീണ്ടും തീ പടർന്നു. സ്ഥലത്ത് തുടർന്ന 2 യൂണിറ്റുകൾ ചേർന്ന് തീയണച്ചു. ചങ്ങനാശേരി നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, വാർഡ് കൗൺസിലർ ജിനിമോൾ ഷാജി എന്നിവരും സ്ഥലത്തെത്തി. ഇന്നലെ ഞായറാഴ്ചയായതിനാൽ മാർക്കറ്റിൽ തിരക്ക് കുറവായിരുന്നു. അപകടത്തിന്റെ വ്യാപ്തി കുറയാൻ ഇത് കാരണമായി.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിൽ ഭൂരിഭാഗവും തടി ഉരുപ്പടികളിലാണ് നിർമിച്ചിരിക്കുന്നത്. അഗ്നിരക്ഷ:റിപ്പോർട്ട് ഫയലിൽ ചങ്ങനാശേരി മാർക്കറ്റിൽ അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി അഗ്നിരക്ഷാസേന സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ ഇപ്പോഴും ഫയലിൽ തന്നെ. 2024ലാണ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.മാർക്കറ്റിൽ 100 മീറ്റർ ഇടവിട്ട് ഓരോ സ്ഥലങ്ങളിലും ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ജലഅതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നിർദേശിച്ചിരുന്നത്. റോഡരികിലെ ഫയർ ഹൈഡ്രന്റുകളിലേക്ക് ഹോസ് ബന്ധിപ്പിച്ച് വാൽവ് തുറന്നാൽ വെള്ളം എത്തുന്ന സംവിധാനമാണിത്.മാർക്കറ്റിലെ ഭൂരിഭാഗം സ്ഥാപനങ്ങളിലും അഗ്നിസുരക്ഷാ സംവിധാനങ്ങളില്ല. പഴക്കമേറിയ കെട്ടിടങ്ങളാണ് കൂടുതലും. റോഡിലെ തിരക്കും സ്ഥലപരിമിതിയും കാരണം, സ്ഥലത്തെത്താൻ അഗ്നിരക്ഷാസേനയ്ക്കു പ്രയാസം നേരിടുന്നു.

.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.