മലയാളി നഴ്സിനെ ഡ്യൂട്ടിക്കിടെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നിർണ്ണായക വിധി...!

യുകെ :യുകെയിലെ മാഞ്ചസ്റ്ററിൽ മലയാളി നഴ്സിനെ ഡ്യൂട്ടിക്കിടെ കൊല്ലാൻ ശ്രമിച്ച കേസിൽ വിധി പ്രഖ്യാപിച്ചു.

റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിലെ നഴ്സ് അച്ചാമ്മ ചെറിയാനെ (57) ആക്രമിച്ച പ്രതിക്ക് 28 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. റൗമോൺ ഹക്കിനെ (38) ആണ് മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി ശിക്ഷിച്ചത്.ശിക്ഷാവിധിയിൽ 22 വർഷം നേരിട്ടുള്ള ജയിൽവാസവും ബാക്കി ആറ് വർഷം കർശനമായ നിരീക്ഷണ വ്യവസ്ഥകളോടെയുള്ള ലൈസൻസ് കാലാവധിയുമാണ് ഉൾപ്പെടുന്നത്. 

നഴ്സിനെതിരെ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമമാണെന്ന് നിരീക്ഷിച്ച കോടതി, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകി.കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇംഗ്ലണ്ടിലെ ആരോഗ്യമേഖലയെ ഒന്നടങ്കം നടുക്കിയ ഈ സംഭവം നടന്നത്. 

മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റൗമോൺ ഹക്ക് മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു. സംഭവദിവസം രാത്രി ഷിഫ്റ്റിനായി എത്തിയ അച്ചാമ്മ ചെറിയാൻ, ഹക്കിന്റെ ആരോഗ്യനില പരിശോധിക്കുകയും മദ്യപാനത്തിൽ നിന്നുള്ള പിൻവാങ്ങൽ ലക്ഷണങ്ങൾ (Withdrawal symptoms) കുറയ്ക്കാനുള്ള മരുന്ന് വേണോ എന്ന് തിരക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ച ഹക്ക്, ഹെറോയിന് പകരമായി ഉപയോഗിക്കുന്ന ‘മെതഡോൺ’ എന്ന ലഹരിമരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ടു. 

മരുന്ന് നൽകാൻ സമയമായിട്ടില്ലെന്നും ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണമെന്നും അച്ചാമ്മ ശാന്തമായി അറിയിച്ചു. തുടർന്ന് മറ്റ് രോഗികളെ പരിചരിക്കാനായി അവർ തിരിഞ്ഞു നടന്നതോടെയാണ് ഹക്ക് ആക്രമണം നടത്തിയത്.അച്ചാമ്മ മറ്റൊരു രോഗിയുടെ ശുശ്രൂഷയിൽ മുഴുകിയിരിക്കെ, പോക്കറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്രികയുമായി എഴുന്നേറ്റ ഹക്ക് അവരുടെ പിന്നിലൂടെ പാഞ്ഞടുത്തു. 

പ്രകോപനവുമില്ലാതെ അച്ചാമ്മയുടെ കഴുത്തിലും തലയിലും മുഖത്തും ഇയാൾ തുടർച്ചയായി മൂന്ന് തവണ കത്രിക കൊണ്ട് കുത്തി. സാരമായി പരുക്കേറ്റ അച്ചാമ്മ ചോരയിൽ കുളിച്ചു വീണെങ്കിലും മറ്റ് ജീവനക്കാർ ഓടിയെത്തി പ്രതിയെ ബലമായി പിടിച്ചുമാറ്റിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. മാരകമായി പരുക്കേറ്റ അവരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.

20 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള, രോഗികളോട് അതീവ ശ്രദ്ധയോടെ പെരുമാറുന്ന നഴ്സാണ് അച്ചാമ്മയെന്ന് സഹപ്രവർത്തകർ കോടതിയിൽ വികാരാധീനരായി സാക്ഷ്യപ്പെടുത്തി. ആക്രമണത്തിൽ അവരുടെ തലയ്ക്കും കഴുത്തിനും കൈത്തണ്ടയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ കൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടതിനാൽ നഴ്സിങ് കരിയർ തുടരുക പ്രയാസമാണ്.

ശാരീരികമായ മുറിവുകളേക്കാൾ ഉപരിയായി, ജീവിതകാലം മുഴുവൻ സ്നേഹത്തോടെ പരിചരിച്ച രോഗികളിൽ ഒരാളിൽ നിന്ന് നേരിടേണ്ടി വന്ന ഈ കൊടുംക്രൂരത അച്ചാമ്മയെ മാനസികമായി തകർത്തിരിക്കുകയാണ്. വർഷങ്ങളായി ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് പോകാൻ പോലും ഇപ്പോൾ അവർ ഭയക്കുന്നുവെന്ന് അവരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം യുകെയിലെ മലയാളി നഴ്സുമാർക്കിടയിൽ ഈ സംഭവം വലിയ രീതിയിലുള്ള സുരക്ഷാ ചർച്ചകൾക്ക് വഴിതുറന്നു. രോഗികളുടെ മാനസിക നിലയോ ലഹരി പശ്ചാത്തലമോ മുൻകൂട്ടി കണ്ട് ജീവനക്കാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ആശുപത്രികളിൽ ഉറപ്പാക്കണമെന്ന് ബ്രിട്ടിഷ് മലയാളി നഴ്സിങ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വിധിയെ സ്വാഗതം ചെയ്യുകയും അച്ചാമ്മയുടെ അസാമാന്യമായ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !