ചെറിയ തുകയ്ക്കുള്ള ഡിജിറ്റൽ തട്ടിപ്പുകളിലും ഇരയാവുന്ന ഉപഭോക്താക്കൾക്ക് സംഭവിക്കുന്ന നഷ്ടം പരിഹരിക്കുന്നതിനായി 25,000രൂപ വരെ നഷ്ടപരിഹാരം നൽകണമെന്ന് റിസർവ്വ് ബാങ്ക്. പണനയ ചർച്ചകൾക്ക് ശേഷം ഇതിനുള്ള പുതിയ ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു.
ഡിജിറ്റൽ പേയ്മെൻ്റുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക നടപടികൾ പരിഗണിക്കുന്നതായും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചാ പത്രം ഉടൻ പുറത്തിറക്കും. മുതിർന്ന പൗരന്മാരെ പോലെ കരുതൽ ആവശ്യമാവുന്ന ചില ഉപഭോക്തൃ വിഭാഗങ്ങൾക്ക് അധിക ഓതന്റിക്കേഷൻ സംവിധാനങ്ങളും വൈകിയ ക്രെഡിറ്റ് സൗകര്യങ്ങളും അവതരിപ്പിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർബിഐ മൂന്ന് കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും മൽഹോത്ര വ്യക്തമാക്കി. മിസ്-സെല്ലിംഗ് തടയൽ, വായ്‌പാ തിരിച്ചടവ് നടപടികളിൽ റിക്കവറി ഏജൻറുമാരുടെ പ്രവർത്തനം, അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ഉപഭോക്താക്കളുടെ ഉത്തരവാദിത്വം പരിമിതപ്പെടുത്തൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട നിലവിലെ മാർഗനിർദേശങ്ങൾ 2017-ൽ പുറത്തിറക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് മേഖലയിൽ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത് ഈ നിർദേശങ്ങൾ ഇപ്പോൾ പുനഃപരിശോധിക്കുകയാണ്. പുതുക്കിയ നിർദേശങ്ങളും ചെറുമൂല്യ തട്ടിപ്പുകളിലെ നഷ്ടപരിഹാര ചട്ടക്കൂടും പൊതുചർച്ചയ്ക്കായി ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാങ്ക് കൗണ്ടറുകൾ വഴി വിൽക്കുന്ന മൂന്നാംകക്ഷി ധനകാര്യ ഉൽപ്പന്നങ്ങളുടെ പരസ്യം, വിപണനം, വിൽപ്പന എന്നിവയ്ക്കായി റെഗുലേറ്റഡ് എൻ്റിറ്റികൾക്കുള്ള സമഗ്ര മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ഗവർണർ പറഞ്ഞു.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് റിക്കവറി ഏജന്റുമാരുടെ പങ്കാളിത്തം സംബന്ധിച്ച നിലവിലുള്ള വ്യത്യസ്‌ത നിർദേശങ്ങൾ ഏകീകരിച്ച് പുതുക്കാനും ആർബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കരട് മാർഗനിർദേശങ്ങളും പൊതുചർച്ചയ്ക്കായി പുറത്തിറക്കും.
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ (യു.സി.ബി.) ശേഷി വർധിപ്പിക്കുന്നതിനായി ‘മിഷൻ സക്ഷം’ (Mission SAKSHAM – Sahakari Bank Kshamta Nirman) പദ്ധതി ആർബിഐ പ്രഖ്യാപിച്ചു. ധനകാര്യ ഉൾക്കൊള്ളലിൽ നിർണായക പങ്കുവഹിക്കുന്ന യുസിബികളുടെ വളർച്ചയ്ക്ക് കഴിവ് വികസനവും സാങ്കേതിക മികവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മിഷൻ സക്ഷത്തിൻ്റെ ഭാഗമായി ഏകദേശം 1.40ലക്ഷം പേർക്ക് പരിശീലനവും സർട്ടിഫിക്കേഷനും നൽകും. ഭൗതിക പരിശീലന പരിപാടികളും ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളും വഴി ഇത് നടപ്പാക്കും. യു.സി.ബി.കൾക്ക് സമീപമുള്ള കേന്ദ്രങ്ങളിൽ പ്രാദേശിക ഭാഷകളിൽ പരിശീലനം നൽകാൻ ആർബിഐ ശ്രമിക്കുമെന്നും ഗവർണർ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.