തിരുവനന്തപുരം: നവകേരള സർവേയിൽ ഹൈക്കോടതിയിൽ നേരിട്ട തിരിച്ചടി മറികടക്കാൻ സുപ്രീം കോടതിയെ സമീപിച്ച് സർക്കാർ. സുപ്രീം കോടതിയിൽ സർക്കാർ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു.
സർക്കാരിന്റെ ഭരണനിർവഹണാധികാരത്തിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായെന്നും ഇത് ഗുരുതര പിഴവാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയുടെ അനുമതിയോടെയാണ് സർവേ നടത്തുന്നത്. ബജറ്റിൽ വകയിരുത്തിയ പണമാണ് സർവേയ്ക്ക് ചെലവഴിക്കുന്നതെന്നും ഹൈക്കോടതി ഇടപെടൽ ഗൗരവകരമായ ഭരണഘടനാ പ്രശ്നം ഉണ്ടാക്കുമെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

സംസ്ഥാന സർക്കാർ നടത്തിവന്ന നവകേരള സർവേ കേരള ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർവേ റദ്ദാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സർവേക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ ചെലവിൽ നടത്തുന്ന ഈ സർവേ യഥാർഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്യുന്നുവെന്നും ഇതിലൂടെ പാർട്ടിക്കുവേണ്ടി വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വാദിച്ചു. തുടർന്നാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്. സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്തുമ്പോൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22-ാം തീയതിവരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർക്കാരിന് നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി എം.വി. ഗോവിന്ദനെ കോടതി ഈ കേസിൽ കക്ഷി ചേർക്കുകയും ചെയ്തിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തുന്നതെന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. സർക്കാർ പദ്ധതികൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നുവെന്നും നാടിന്റെ പുരോഗതിക്കായി ഇനി എന്തൊക്കെ വേണമെന്നും മനസ്സിലാക്കാനുള്ള ഒരു വിവരശേഖരണം മാത്രമാണിതെന്നു സർക്കാർ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.