സുൽത്താൻ ബത്തേരി: പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനകളും പരാമർശങ്ങളും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
തന്റെ വാക്കുകൾ ശരിയായ രീതിയിൽ മനസിലാക്കാതെ അനാവശ്യമായ വിവാദങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് തരൂർ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.എൽ.കെ. അദ്വാനിയെ സംബന്ധിച്ച്, 98 വയസായ ഒരു മനുഷ്യന്റെ പിറന്നാളിന് അൽപം മര്യാദകാണിച്ചു എന്നേയുള്ളൂ. രാഹുൽ ഗാന്ധി അടക്കം അക്കാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ചെയ്ത കാര്യത്തെ ഒരു വലിയ അദ്ഭുതം എന്നതരത്തിൽ ഉയർത്തിക്കാണിക്കേണ്ട ആവശ്യമില്ല. പ്രായമായവരെ ബഹുമാനിക്കുകയും അവരോട് മര്യാദ കാണിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരം', തരൂർ വ്യക്തമാക്കി.
'പ്രധാനമന്ത്രി മോദി പ്രസംഗിച്ച വേദിയിൽ ഞാനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരം കേൾക്കുകയും കാണുകയും ചെയ്തു. അതിനെക്കുറിച്ച് രണ്ടുവാക്ക് കുറിച്ചു. അതല്ലാതെ ഞാൻ എവിടെയാണ് അദ്ദേഹത്തെ പുകഴ്ത്തിയത്. സാമൂഹികമാധ്യമത്തിൽ ഞാൻ പങ്കുവെച്ച പോസ്റ്റ് കണ്ടാൽ ആർക്കും മനസിലാക്കാവുന്നതേയുള്ളൂ അക്കാര്യം.
ഞാൻ മോദിയെ പുകഴ്ത്തിയിട്ടില്ല', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ പോസ്റ്റ് വായിക്കാതെ, വാർത്തകളിൽ വന്ന തലക്കെട്ടുകൾ വായിച്ചാണ് എല്ലാവരും കാര്യങ്ങൾ വിലയിരുത്തുന്നത്. അത് ശരിയായ നടപടിയല്ല. ഞാൻ പറയുന്ന കാര്യങ്ങൾ അതിന്റെ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുകകൂടി വേണം. അങ്ങനെ ചെയ്താൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാം. 17 വർഷമായി ഈ പാർട്ടിക്കൊപ്പം നിന്ന് സേവനം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഇവിടെ തെറ്റിദ്ധാരണയിലേക്ക് പോകേണ്ട ആവശ്യമില്ല', തരൂർ പറഞ്ഞു.'കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. ഞാൻ ദേശീയ നേതൃത്വത്തിനുവേണ്ടി മത്സരിച്ചു, തോറ്റുപോയി. അതോടെ ആ കഥ കഴിഞ്ഞു. അതൊരു വലിയ പ്രശ്‌നമായി കാണുന്നില്ല. പാർട്ടിയുടെ ചരിത്രത്തിൽ പല തിരഞ്ഞെടുപ്പും നടന്നിട്ടുണ്ട്, പലരും ജയിച്ചിട്ടുമുണ്ട്, പലരും തോറ്റിട്ടുമുണ്ട്. ഞാൻ മത്സരിച്ചു, തോറ്റു. അതവിടെ കഴിഞ്ഞു. കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിൽത്തന്നെയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും', അദ്ദേഹം പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.