ബെംഗളൂരു ;റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നാണു സി.ജെ.ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു.ആദായ നികുതി വകുപ്പ് അഡിഷനല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ.ബാബു പറഞ്ഞു.മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും സഹോദരൻ വെളിപ്പെടുത്തി. ‘‘നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) 7 മണിക്കു കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി.
കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും’’ – സി.ജെ.ബാബു പറഞ്ഞു. അതേസമയം, ഓഫിസിൽ റോയിയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം.മൂന്നു ദിവസമായി കോൺഫിഡന്റ് ഓഫിസുകളിൽ റെയ്ഡ് തുടരുകയായിരുന്നു.
കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് സ്വയം നിറയൊഴിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടർന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ജീവനക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടുന്ന ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. തോക്ക് അശോക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. സി.ജെ.റോയിയുടെ ഫോൺ പൊലീസിന് തുറക്കാൻ സാധിച്ചിട്ടില്ല.
സിസിടിവി ദൃശ്യങ്ങളും പ്രവർത്തിക്കുന്നില്ല. അതേസമയം സി.ജെ.റോയിയുടെ ഭാര്യയും മക്കളും ദുബായിൽനിന്ന് ബെംഗളൂരുവിലെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തി. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്‌ലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.