കൊച്ചി ; കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് വിവാദമായ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
ഒളിവിൽ കഴിഞ്ഞിരുന്ന അനീഷ് ബാബുവിനെ ഇന്ന് കൊച്ചി പച്ചാളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനിടെ, കേസുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നു കാട്ടി കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് അനീഷ് ബാബു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു.അന്വേഷണത്തോട് അനീഷ് ബാബു സഹകരിക്കുന്നില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലാഭകരമായി കശുവണ്ടി ഇറക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടു പേരിൽ നിന്നായി 24.73 കോടി രൂപ വഞ്ചിച്ചെന്നാണ് അനീഷ് ബാബുവിനും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള കേസ്. കൊട്ടാരക്കര പൊലീസും ക്രൈംബ്രാഞ്ചും റജിസ്റ്റർ ചെയ്ത കേസുകളെ അടിസ്ഥാനമാക്കി 2021ലാണ് ഇ.ഡി കേസ് അന്വേഷണം ആരംഭിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്. അനീഷ് ബാബുവും മാതാവും പിഎംഎൽഎ സ്പെഷൽ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള സാഹചര്യമുണ്ടെന്ന പരാമർശത്തോടെയായിരുന്നു ഹൈക്കോടതി ജാമ്യ ഹർജി തള്ളിയത്.
കേസ് ഒതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ തന്നിൽ നിന്ന് കോഴ ആവശ്യപ്പെട്ടു എന്ന അനീഷ് ബാബുവിന്റെ പരാതിയിലുള്ള കേസ് അന്വേഷണം മുന്നോട്ടു പോകാത്തതിന്റെ കാരണം പരാതിക്കാരൻ തന്നെയാണെന്ന് വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി. തന്റെ പരാതിയിൽ വിജിലൻസ് എടുത്ത കേസിൽ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസിയോ ജഡ്ജിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണമെന്നായിരുന്നു അനീഷ് ബാബുവിന്റെ ആവശ്യം.
ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ സിബിഐ ഇന്ന് കൂടുതൽ സമയം തേടി.കേസിലെ രണ്ടാം പ്രതിയായ വിൽസൺ വർഗീസുമായി നടത്തിയ സംഭാഷണം രേഖപ്പെടുത്തിയ ഫോണെന്നു പറഞ്ഞ് അനീഷ് ബന്ധു മുഖേനെ ഒരു ഫോൺ തങ്ങളെ ഏൽപ്പിച്ചിരുന്നു എന്ന് വിജിലൻസ് ഇന്ന് കോടതിയെ അറിയിച്ചു. എന്നാൽ ഫോണിന്റെ പാസ്‍വേർഡ് അടക്കം അയാൾക്ക് അറിയാമായിരുന്നില്ല. തുടർന്ന് വിവരങ്ങൾ ഹാജരാക്കാൻ കഴിഞ്ഞ ഒക്ടോബറിലും ഡിസംബറിലും അനീഷിന് നോട്ടിസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
പരാതിക്കാരന്റെ നിസഹകരണം മൂലം കോടതിയിൽ സമയത്തിനു രേഖകൾ സമര്‍പ്പിക്കാൻ സാധിച്ചില്ലെന്നും അന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിച്ചെന്നും രണ്ടാം പ്രതിയുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ പോലും സാധിച്ചിട്ടില്ലെന്നും വിജിലൻസ് വ്യക്തമാക്കി. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ സ്വയമോ അല്ലെങ്കിൽ മറ്റാരെങ്കിലും വഴിയോ ഫോൺ തുറക്കാനാവശ്യമായ പാസ്‍വേർഡ് വിജിലൻസിന് എത്തിക്കണമെന്ന് ജസ്റ്റിസ് എ.ബദറുദീൻ അനീഷ് ബാബുവിന് നിർദേശം നൽകി.
തനിക്കെതിരായ കേസൊതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ രണ്ടര കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന അനീഷ് ബാബുവിന്റെ പരാതിയിൽ വിജിലൻസ് അന്നത്തെ ഇ.ഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച മറ്റു മൂന്നു പേര്‍ കൂടി കേസിൽ പ്രതികളാണ്. കൊച്ചിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. മറ്റു പ്രതികൾ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.