ഹൈദരാബാദ്: ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ ഘട്ടത്തിലേക്ക്.
അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് എസ്.യു.-57ഇ സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) സിഇഒ വാദിം ബദേഖ വെളിപ്പെടുത്തി. ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ (Wings India) എയർ ഷോയ്ക്കിടെയാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്.നിലവിൽ ഇന്ത്യയിൽ സുഖോയ് എസ്.യു-30 എംകെഐ വിമാനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാന്റുകളിൽ തന്നെ എസ്.യു.-57ഇ വിമാനങ്ങളും നിർമ്മിക്കാനാണ് ആലോചന.ഇന്ത്യയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് മുൻഗണന നൽകിക്കൊണ്ട്, ഇന്ത്യൻ വ്യവസായ മേഖലയെയും സാങ്കേതിക വിദ്യകളെയും വിമാന നിർമ്മാണത്തിൽ പരമാവധി ഉൾപ്പെടുത്താനാണ് ചർച്ചകൾ ലക്ഷ്യമിടുന്നത്. എസ്.യു-30 എകെഐ വിമാനങ്ങൾ നിർമിക്കുന്നതുപോലെ ഇന്ത്യൻ സാങ്കേതിക വിദ്യകളും ഇന്ത്യൻ നിർമിത ഘടകങ്ങളും ഉൾപ്പെടുത്തിയാകും എസ്.യു-57 ഇയും നിർമിക്കുക. എസ്.യു-30 എകെഐ വിമാനങ്ങളുടെ എൻജിൻ നിർമിക്കുന്നതിലും ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് ഈ വിമാനങ്ങൾ വാങ്ങാൻ അർമേനിയ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.പ്രതിരോധ വിമാനങ്ങൾക്ക് പുറമെ, റീജിയണൽ ജെറ്റുകളായ എസ്.ജെ-100 നിർമ്മാണത്തിനായി റഷ്യയുടെ യു.എ.സിയും ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (HAL) തമ്മിൽ കരാറിൽ ഒപ്പിട്ടു. ഇന്ത്യയിൽ ഈ വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ, അറ്റകുറ്റപ്പണികൾ, സ്‌പെയർ പാർട്സ് നിർമ്മാണം എന്നിവയിൽ എച്ച്.എ.എൽ നിർണ്ണായക പങ്കുവഹിക്കും. റഷ്യയുടെ ഈ പുതിയ നീക്കം പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച, ഉപരോധങ്ങളെ ഭയപ്പെടേണ്ടതില്ലാത്ത സൂപ്പർജെറ്റ്-100 മോഡലാണ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനഭാഗങ്ങൾ ഇന്ത്യയിലെ ആവശ്യങ്ങൾക്ക് പുറമെ റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് ബദേഖ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എ.എം.സി.എ വികസിപ്പിക്കുന്നതിന് റഷ്യയുടെ സഹായം ഈ ചർച്ചകളുടെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ളവയിൽ റഷ്യൻ വൈദഗ്ധ്യം ഇന്ത്യയ്ക്ക് ഗുണകരമായേക്കാം, എങ്കിലും ഇന്ത്യൻ ഏവിയോണിക്‌സുമായി ഇവ സംയോജിപ്പിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. നിലവിൽ റഷ്യൻ ഭാഗത്തുനിന്നാണ് ഈ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുദ്ധവിമാന നിർമാണമുൾപ്പെടെയുള്ള പദ്ധതിയിൽ ബൗദ്ധിക സ്വത്തവകാശം, പദ്ധതിയിലെ ഇന്ത്യയുടെ പങ്കാളിത്തം എന്നിവയിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുകൂടി പൂർത്തിയായാൽ പ്രതിരോധ രംഗത്ത് ഇന്ത്യ- റഷ്യ സഹകരണത്തിൽ പുതിയ യുഗപ്പിറവിക്ക് കാരണമാകും. അതേസമയം, ഇതിനോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യയ്‌ക്കെതിരെ കൂടുതൽ തീരുവ ചുമത്തുകയോ ഉപരോധം കൊണ്ടുവരികയോ ചെയ്‌തേക്കാം. അതിനാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.