കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി മഞ്ചേരി നറുക്കര കുണ്ടൂപറമ്പ് പുതുവേലി വിനീഷി(26)നെ രണ്ടാഴ്ചയിലേറെയായിട്ടും കണ്ടെത്താനായില്ല.
നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങി പൊതുസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലൊന്നും ഇതുവരെ ഇയാളുടെ ചിത്രം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.
കുതിരവട്ടത്തെ കച്ചവടകേന്ദ്രങ്ങൾ, സമീപത്തെ വീടുകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ കോളേജ് പോലീസ് പരിശോധിച്ചു. എന്നാൽ, ഇയാളുമായി ബന്ധപ്പെട്ട ഒരു ദൃശ്യംപോലും ഇതുവരെ ലഭ്യമായിട്ടില്ല. ഡിസംബർ 29-ന് രാത്രിയാണ് വിനീഷ് രക്ഷപ്പെട്ടത്.
മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടിപ്പോയശേഷം മൂന്നാംദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെക്കുറിച്ച് ഒരുവിവരവും ആരും കൈമാറിയിട്ടുമില്ല. ഒരു സിസിടിവിയിലും പതിയാതെ എങ്ങനെ ഇയാൾ നഗരം വിട്ടുപോയി എന്നതാണ് പോലീസിനെ കുഴക്കുന്നത്. സെല്ലിലും ജയിലിലും പൊതുവേ അക്രമസ്വഭാവം കാണിക്കുന്ന സ്വഭാവക്കാരനാണ് വിനീഷ് എന്ന് അന്വേഷണസംഘം തന്നെ സമ്മതിക്കുന്നു. പിടിക്കപ്പെട്ടില്ലെങ്കിൽ ദൃശ്യയുടെ അടുത്ത ബന്ധുക്കൾക്കുപോലും ഭീഷണിയാണെന്ന് പോലീസ് റിപ്പോർട്ടും നിലവിലുണ്ട്. ദൃശ്യയുടെ അമ്മയും സഹോദരിയും താമസിക്കുന്ന സ്ഥലത്ത് പോലീസ് നിരീക്ഷണമുണ്ട്.
മെഡിക്കൽ കോളേജ് പോലീസിന്റെ നിർദേശത്തെ തുടർന്ന് പെരിന്തൽമണ്ണ, മഞ്ചേരി എന്നീ സ്റ്റേഷനുകളുടെ സഹായത്തോടെ വിനീഷിന്റെ വീട്, ബന്ധുവീടുകൾ, ദൃശ്യയുടെ വീട്, സമീപവീടുകൾ എന്നിവിടങ്ങളിലെല്ലാം മഫ്തിയിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇവിടങ്ങളിലൊന്നും വിനീഷ് എത്തിയില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. 2022-ലും കുതിരവട്ടത്തുനിന്ന് ചാടിപ്പോയിരുന്നു. അന്ന് കർണാടകയിലെ ധർമസ്ഥലയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ധർമസ്ഥലയിലും സമീപപ്രദേശങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം പോയെങ്കിലും ഒരു തുമ്പുമില്ല.2021-ൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ(21) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിനീഷ് ജയിലിലായത്. പെരിന്തൽമണ്ണയ്ക്കടുത്ത ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകളായ ദൃശ്യ നിയമവിദ്യാർഥിനിയായിരുന്നു.
പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷം വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽനിന്ന് ദൃശ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. മഞ്ചേരി ജയിലിൽ കഴിയുമ്പോൾ കൊതുകുതിരി കഴിച്ച് ആത്മഹത്യചെയ്യാനും ശ്രമമുണ്ടായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.