തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്വകാര്യ ആവശ്യത്തിനായി എന്ന് അപേക്ഷ നൽകിയാണു നിയമസഭാ സെക്രട്ടറിയിൽനിന്ന് എൻഒസി വാങ്ങി യുകെ യാത്രയ്ക്ക് കേന്ദ്രാനുമതി നേടിയതെന്ന് വിജിലൻസ് റിപ്പോർട്ട്.
സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. പൊളിറ്റിക്കൽ ക്ലിയറൻസ് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഈ യാത്രാനുമതിയാണ് യുകെയിൽ പോയി ഫണ്ട് പിരിവിനായി പ്രതിപക്ഷ നേതാവ് ദുരുപയോഗം ചെയ്തതെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.സമൂഹമാധ്യമങ്ങളിൽനിന്നു ലഭിച്ച വിഡിയോകൾ പ്രകാരം മണപ്പാട്ട് ഫൗണ്ടേഷൻ യുകെയിൽ നടത്തിയ ഫണ്ട് സമാഹാരണ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുത്ത് ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെട്ടുവെന്നു കണ്ടെത്തിയതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇത് എഫ്സിആർഎ നിയമത്തിന്റെ സെക്‌ഷൻ 3 (2) (a) യുടെ കൃത്യമായ ലംഘനമാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നു.
സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗം ചെയ്ത് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.പുനർജനി വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ് കൂടുതൽ രേഖകൾ പുറത്തുവിട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള രണ്ടു വിജിലൻസ് റിപ്പോർട്ടുകളിൽ ആദ്യ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. സതീശനെതിരെ തെളിവില്ലെന്നു 3 മാസം മുൻപ് വിജിലൻസ് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അതിന് 8 മാസം മുൻപ് സിബിഐ അന്വേഷണം ശുപാർശ ചെയ്ത് വിജിലൻസ് നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27 മുതൽ 2022 മാർച്ച് 8 വരെ പണമിടപാട് നടത്തുകയും ചെയ്തതായി ആദ്യ റിപ്പോർട്ടിൽ പറയുന്നു.പദ്ധതിക്കായി 1.27 കോടി രൂപയാണു പിരിച്ചത്.പുനർജനി സ്‌പെഷൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ, കറന്റ് അക്കൗണ്ടുകൾ വഴിയുമാണു പണം സ്വീകരിച്ചത്. യുകെയിലെ മലയാളികളിൽനിന്നു പണം സ്വരൂപിച്ച മിഡ്ലാൻഡ്‌സ് ഇന്റർനാഷനൽ എയ്ഡ് ട്രസ്റ്റും ഈ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.സംഘടനകൾ തമ്മിൽ സാധാരണ ഇത്തരം ഇടപാടുകളിൽ ധാരണാപത്രം ഒപ്പുവയ്ക്കാറുണ്ട്. ഒമാൻ എയർവേയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി.സതീശൻ യുകെയിലേക്കു പോയതും തിരികെ വന്നതും.
മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശനു വേണ്ടി ഈ ടിക്കറ്റ് തരപ്പെടുത്തിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ടിക്കറ്റിന് നികുതിയടച്ചതു മണപ്പാട്ട് ഫൗണ്ടേഷനാണ്. വി.ഡി.സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചതു മണപ്പാട്ട് ഫൗണ്ടേഷനാണെന്നു ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോടു വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി.സതീശന്റെ യുകെ യാത്രയിൽനിന്ന് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായുള്ള ബന്ധമാണു വ്യക്തമാകുന്നതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലും വി.ഡി.സതീശൻ ഫണ്ട് കൈപ്പറ്റിയതായോ മണപ്പാട്ട് ഫൗണ്ടേഷന്റെ ചുമതലകൾ വഹിച്ചതായോ കണ്ടെത്താൻ കഴിയാത്തതിനാലാണ് വിമാന ടിക്കറ്റിന്റെ പേരിൽ ഇവർ തമ്മിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാൻ വിജിലൻസ് ശ്രമിച്ചതെന്നാണു സൂചന. ഈ നീക്കം നിലനിൽക്കില്ലെന്നു നിയമോപദേശം ലഭിച്ചതോടെയാണു പിന്നീട് സതീശനെതിരെ തെളിവില്ലെന്നു വ്യക്തമാക്കി 3 മാസം മുൻപ് വിജിലൻസ് റിപ്പോർട്ട് നൽകിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.