യുകെ: യുകെയില്‍ ജനിച്ചു വളര്‍ന്ന മൂന്നാം തലമുറയിലെ മലയാളി യുവാവ്. എന്നിട്ടും ദൈവവിശ്വാസത്തില്‍ തരിമ്പും വെള്ളം ചേര്‍ക്കാത്ത പ്രകൃതം.
അതിനു തെളിവ് അവന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ടാഗ് ലൈന്‍ തന്നെ. എന്റെ ശരീരവും ഹൃദയവും ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം, പക്ഷെ ദൈവം എന്നും എന്റെ ശരീരത്തിന്റെയും ഹൃദയത്തിന്റെയും ബലമായി കൂടെയുണ്ടാകും എന്ന സങ്കീര്‍ത്തന വചനമാണ് തിരുവല്ലയില്‍ കുടുംബ വേരുകളുള്ള സ്റ്റെഫാന്‍ വര്‍ഗീസ് മനസിലും ഹൃദയത്തിലും സൂക്ഷിച്ചിരുന്നത്.ഒരു പക്ഷെ സമ പ്രായക്കാരായ ചെറുപ്പക്കാരില്‍ കാണാനാകാത്ത ദൈവചിന്തയുടെ അഗാധമായ സൂക്ഷിപ്പായിരുന്നു സ്റ്റെഫാന്‍ ഒപ്പമുണ്ടായിരുന്നത് എന്ന് വ്യക്തം. സ്റ്റെഫാനെ അടുത്തറിയുന്ന ആരും ഇക്കാര്യത്തില്‍ മറിച്ചൊരു ചിന്തപോലും പ്രകടിപ്പിക്കില്ല.എന്നാല്‍ ഇഷ്ടമായവരെ ദൈവം വേഗത്തില്‍ വിളിക്കും എന്നൊക്കെ ആശ്വാസവചനം പറയുന്ന പതിവ് ഇപ്പോള്‍ ഒരിക്കല്‍ കൂടി സ്റ്റെഫാന്റെ മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി കടം എടുത്തു വളരെ ഹൃദയവേദനയോടെയാണ് ഈ ഭാവി ഡോക്ടറുടെ വേര്‍പാട് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലൂട്ടനില്‍ താമസമാക്കിയ മൂന്നാം തലമുറയിലെ കണ്ണിയാണ് സ്റ്റെഫാന്‍. സിംഗപ്പൂര്‍ വഴി പതിറ്റാണ്ടുകള്‍ മുന്‍പേ എത്തിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളുടെ കണ്ണിയില്‍ പെട്ടവരാണ് സ്റ്റെഫാന്റെ മുത്തശ്ശിയും മുത്തച്ഛനും. പിതാവ് വര്‍ഗീസ് മലയാളി സമൂഹത്തിലെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളും.
പിതാവിന്റെ വഴിയേ സഞ്ചരിക്കാന്‍ ഇഷ്ടപെട്ടാണ് നാലു വര്‍ഷം മുന്‍പ് സ്റ്റെഫാന്‍ ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായത്. സമയം കിട്ടുമ്പോഴക്കെ വീട്ടിലേക്ക് ഓടിയെത്തിയിരുന്ന സ്റ്റെഫാന്‍ ആഴ്ചകള്‍ക്കകം മെഡിസിന് പഠനം പൂര്‍ത്തിയാക്കി ഗ്രാജുവേഷന് ഗൗണ്‍ അണിയേണ്ടതെയായിരുന്നു. മാതാപിതാക്കള്‍ക്ക് മുന്പില് പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കേണ്ടിയിരുന്ന യുവാവ് ഇപ്പോള്‍ കൂടെയില്ലെന്ന ചിന്ത ഹൃദയ വേദനയോടെ അല്ലാതെ ഒരാള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല.ഇന്നലെ വൈകിട്ടും മാതാപിതാക്കള്‍ക്ക് ഒപ്പം സംസാരിച്ചിരുന്ന സ്റ്റെഫാന്‍ തുറന്നിരുന്ന കംപ്യുട്ടറിനു മുന്നില്‍ നിശ്ചലനായി മരിച്ച നിലയില്‍ കാണപ്പെടുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പതുങ്ങിയെത്തിയ ഹൃദയാഘാതത്തിനു സ്റ്റെഫാന്‍ അതിവേഗം കീഴ്പ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഊഹിക്കാനാകുന്നത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും 23കാരനായ സ്റ്റെഫാന്‍ ഉണ്ടായിരുന്നതായും സൂചനയില്ല. വര്‍ഷങ്ങളായി ലൂട്ടനില്‍ താമസിക്കുന്ന ഡോ. വിനോദ് വര്‍ഗീസിന്റെയും ഗ്രേസ് വര്‍ഗീസിന്റെയും മകനാണ് സ്റ്റെഫാന്‍.
ഒരു മകള്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. ഇന്നലെ വൈകുന്നേരത്തോടെ ലൂട്ടന്‍ മലയാളികള്‍ ഹൃദയം നുറുങ്ങുന്ന വികാരത്തോടെയാണ് സ്റ്റെഫാന്റെ മരണവാര്‍ത്തയോട് പ്രതികരിച്ചത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.