തിരുവനന്തപുരം; ശബരിമല ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസിലും തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു.
കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയെ ജയിലില്‍ എത്തിയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. തന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നാളെ കോടതിയില്‍ അപേക്ഷ നല്‍കും.ദ്വാരപാലക ശില്പങ്ങള് ഉള്‍പ്പെടെ കൊണ്ടുപോകാന്‍ തയാറാക്കിയ മഹസറില്‍ തന്ത്രി ഒപ്പിട്ടതു ഗൂഢാലോചയുടെ ഭാഗമായിട്ടാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ശ്രീകോവില്‍ വാതിലിലെ കട്ടിളപ്പാളി സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന എസ്പി ശശിധരനും വിജിലന്‍സ് പ്രോസിക്യൂട്ടറും ഇന്ന് ആശുപത്രിയില്‍ എത്തിയിരുന്നു.
ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍നിന്നു മാറ്റുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം കേട്ട ശേഷമായിരിക്കും നടപടി. ജയില്‍ ഡോക്ടര്‍മാര്‍ നാളെ ആശുപത്രിയിലെത്തി ശങ്കരദാസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിനു ശേഷമാകും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്കു മാറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക. ഐസിയുവില്‍ ആയിരുന്ന ശങ്കരദാസിനെ ഇന്നലെ മുറിയിലേക്കു മാറ്റിയിരുന്നു. സ്വര്‍ണ മോഷണക്കേസില്‍ എട്ടാം പ്രതിയാണ് കെ.പി. ശങ്കരദാസ്.പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
കേസിലെ പന്ത്രണ്ടാമത്തെ അറസ്റ്റാണിത്. ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ രാഷ്ട്രീയ ബന്ധമുള്ള മൂന്നാമത്തെ അറസ്റ്റാണ് കെ.പി. ശങ്കരദാസിന്റേത്. നേരത്തേ അറസ്റ്റിലായ പത്മകുമാറും വിജയകുമാറും സിപിഎം പ്രതിനിധികളായിരുന്നു. ഡിഎംകെയിലും പിന്നീട് ആര്‍എസ്പിയിലും പ്രവര്‍ത്തിച്ച ശങ്കരദാസ് സിപിഐയിലേക്കു ചേക്കേറിയ ശേഷമാണ് ബോര്‍ഡ് അംഗമാകുന്നത്. സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവും അറസ്റ്റിലാകുമ്പോള്‍ മുന്നണി കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
സ്വര്‍ണക്കൊള്ളയ്ക്ക് വഴിവയ്ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളില്‍ ശങ്കരദാസ് അടക്കം ബോര്‍ഡിലെ 3 അംഗങ്ങള്‍ക്കും കുറ്റകരമായ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്ഐടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 16ലേക്ക് കേസ് മാറ്റി. അതിനിടെയാണ് എസ്ഐടി എസ്പി എസ്.ശശിധരന് നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.