എറണാകുളം: വടക്കന്‍ പറവൂരില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഡോൺ ബോസ്കോ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.
പറവൂര്‍ പട്ടണം സ്വദേശി കാവ്യയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.ചികിത്സാഘട്ടത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായി മരിച്ച കാവ്യയുടെ പിതൃസഹോദരൻ രമേശൻ ആരോപിച്ചു. കാവ്യയുടെ ആരോഗ്യസ്ഥിതി വഷളാണെന്ന വിവരം കൃത്യസമയത്ത് ബന്ധുക്കളെ അറിയിച്ചില്ലെന്നും വേറെ ആശുപത്രിയിലേക്ക് മാറ്റണോ എന്ന് പലതവണ ചോദിച്ചിട്ടും നിരീക്ഷണത്തിലാണെന്ന മറുപടിയാണ് അധികൃതർ നൽകിയതെന്നും അദ്ദേഹം പറയുന്നു.
ഒടുവിൽ സ്ഥിതി അതീവ ഗുരുതരമായപ്പോൾ മാത്രമാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ തയാറായതെന്നും ഈ കാലതാമസമാണ് കാവ്യയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ ആവശ്യത്തിന് രക്തം പോലും സ്റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും കുടുംബം വിമർശിക്കുന്നു.
ഡിസംബർ 31ന് വൈകുന്നേരമാണ് കാവ്യ മരിച്ചത്. ഒരാഴ്ച മുൻപാണ് രണ്ടാമത്തെ പ്രസവത്തിനായി കാവ്യയെ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രവേശിപ്പിക്കുമ്പോൾ യുവതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് അമിത രക്തസ്രാവമുണ്ടായി.
രക്തസ്രാവം തടയാൻ ഗര്‍ഭപാത്രം നീക്കം ചെയ്തെങ്കിലും യുവതിയുടെ ആരോഗ്യനില വഷളാവുകയും ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇക്കാര്യം ബന്ധുക്കളിൽനിന്ന് മറച്ചുവച്ചതായി പരാതിയുണ്ട്. അവസാന നിമിഷം കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടെ എത്തിയപ്പോഴേക്കും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുകയും പിന്നീട് മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.
തങ്ങളുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടില്ലെന്നും അപൂര്‍വമായി പ്രസവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ ബന്ധുക്കൾ തൃപ്തരല്ല. ചികിത്സാ പിഴവിനെതിരെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കാവ്യയുടെ കുടുംബം വ്യക്തമാക്കി. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
കാവ്യയുടെ മരണവിവരം പുറത്തുവന്നതോടെ ആശുപത്രി പരിസരത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് വടക്കൻ പറവൂർ പൊലീസിൻ്റെ വലിയൊരു സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കാവ്യയുടെ ഭർത്താവും ബന്ധുക്കളും വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ചികിത്സാ രേഖകൾ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വിഷയം ജില്ലാ മെഡിക്കൽ ഓഫിസറുടെ (ഡിഎംഒ) ശ്രദ്ധയിലുംപ്പെടുത്തിയിട്ടുണ്ട്. ചികിത്സാ പിഴവ് സംബന്ധിച്ച പരാതികളിൽ സാധാരണഗതിയിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് അന്വേഷണം നടത്താറുള്ളത്. ഈ കേസിലും അത്തരം സമിതിയുടെ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
പ്രസവാനന്തര രക്തസ്രാവം (പിപിഎച്ച്) നിയന്ത്രിക്കുന്നതിൽ ആശുപത്രിക്ക് വീഴ്ച പറ്റിയോ എന്നും അടിയന്തര ഘട്ടത്തിൽ വിദഗ്ധ ചികിത്സ നൽകുന്നതിൽ കാലതാമസം ഉണ്ടായോ എന്നും സമിതി പരിശോധിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതാണ് ജീവൻ നഷ്ടപ്പെടാൻ പ്രധാന കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗുരുതരാവസ്ഥയിലായ രോഗിയെ മാറ്റുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ആംബുലൻസിൽ കയറ്റുന്നതിന് തൊട്ടുമുമ്പ് വരെ രോഗിക്ക് കുഴപ്പമില്ലെന്ന് വിശ്വസിപ്പിക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചുവെന്നത് ബന്ധുക്കളുടെ രോഷം വർധിപ്പിക്കുന്നു.
വിദേശത്തായിരുന്ന കാവ്യയുടെ ഭർത്താവ് പ്രസവസമയത്ത് നാട്ടിലെത്തിയിരുന്നു. കാവ്യയുടെ ആകസ്മിക വിയോഗം കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. അമ്മയുടെ മുഖം കാണാനാകാതെ പോയ നവജാത ശിശുവിനെയും മൂത്ത കുട്ടിയെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ വിഷമിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ സംബന്ധിച്ച വാർത്തകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.