പനാജി: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ(ഐസിജി) തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ 'സമുദ്ര പ്രതാപ്'കമ്മീഷൻ ചെയ്‌ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമിച്ച രണ്ട് കപ്പലുകളിലെ ആദ്യത്തേതാണിത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങിൽ പങ്കെടുത്തു.ഈ കപ്പൽ കൂട്ടായ പരിശ്രമത്തിൻ്റെ പ്രതീകമാണ്. ഇവ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുമെന്ന് തീർച്ചയാണ്. മലിനീകരണ നിയന്ത്രണമാണ് ലക്ഷ്യം. എങ്കിലും തെരച്ചിൽ, രക്ഷാപ്രവർത്തനം. തീരദേശ പെട്രോളിങ് തുടങ്ങിയവയ്ക്കും ഈ കപ്പൽ പ്രാപ്‌തമാണ്. കൂടാതെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൻ്റെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നാണിതെന്ന് മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
'മെയ്ക്ക് ഇൻ ഇന്ത്യ'യുടെ യഥാർത്ഥ അർത്ഥം ഇതുപോലുള്ള പദ്ധതികളിലൂടെയാണ് പ്രാവർത്തികമാകുന്നതെന്നും 60 ശതമാനത്തിലധികം തദ്ദേശീയ വസ്‌തുക്കളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമീപ വർഷങ്ങളിൽ സമുദ്ര മലിനീകരണം ഗുരുതരമായ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
അവ തീരദേശ സമൂഹങ്ങളുടെ ഭാവിയെയും, വരും തലമുറയുടെ സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്, ഐസിജി ഡയറക്‌ടർ ജനറൽ പരമേഷ് ശിവമണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പൈലറ്റ്, നിരീക്ഷകൻ, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്‌റ്റിക്‌സ് ഓഫീസർ തുടങ്ങിയ പ്രധാന മേഖലകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അതിൽ തനിക്ക് സന്തോഷമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഒപ്പം അവർക്ക് ആവശ്യമായ ഹോവർക്രാഫ്റ്റ് പ്രവർത്തനങ്ങൾക്കായി പരിശീലനം നൽകുന്നുണ്ടെന്നും അവര്‍ക്ക് മുൻനിര യോദ്ധാക്കളായും സേവനമനുഷ്‌ഠിക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേകതയും ലക്ഷ്യങ്ങളും
114.5 മീറ്റർ നീളവും 4,200 ടൺ ഭാരവും വരുന്ന കപ്പലാണിത്. ഇതിന് 22 നോട്ടിൽ കൂടുതൽ വേഗതയും 6,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാനും സാധിക്കും. സമുദ്ര മലിനീകരണ നിയന്ത്രണം, സമുദ്ര നിയമ നിർവ്വഹണം, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല സംരക്ഷിക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.കൂടാതെ 30mm CRN-91 തോക്ക്, ഇൻ്റഗ്രേറ്റഡ് ഫയർ കൺട്രോൾ സിസ്‌റ്റങ്ങളുള്ള രണ്ട് 12.7mm സ്‌റ്റെബിലൈസ്‌ഡ് റിമോട്ട് കൺട്രോൾ തോക്കുകൾ, തദ്ദേശീയമായി വികസിപ്പിച്ച ഇൻ്റഗ്രേറ്റഡ് ബ്രിഡ്‌ജ് സിസ്‌റ്റം,
ഇൻ്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സിസ്‌റ്റം, ഓട്ടോമേറ്റഡ് പവർ മാനേജ്മെൻ്റ് സിസ്‌റ്റം, ഷാഫ്റ്റ് ജനറേറ്റർ, സീ ബോട്ട് ഡേവിറ്റ്, ഡേവിറ്റുള്ള പിആർ ബോട്ട്, ഉയർന്ന ശേഷിയുള്ള ബാഹ്യ അഗ്നിശമന സംവിധാനം എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യയും ഈ കപ്പലിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.