കൊച്ചി: ട്വന്റി ട്വന്റി എൻഡിഎ സഖ്യത്തിൽ ചേർന്നതിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി.
നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഈ കൂട്ടത്തിലുണ്ട്. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം.എൻഡിഎയിൽ ചേരാനുള്ള തീരുമാനം പാർലമെന്ററി ബോർഡ് അംഗങ്ങളോ വാർഡ് കമ്മിറ്റികളോ ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് പുറത്തുപോയ നേതാക്കൾ പറഞ്ഞു.തിരുവനന്തപുരത്ത് പോയി കുറച്ചുപേർ എടുത്ത തീരുമാനമാണിത്. ടെലിവിഷനിലൂടെയാണ് ലയനം അറിഞ്ഞതുതന്നെ. ഇടതു-വലതു മുന്നണികളിലേയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ട്വന്റി ട്വന്റി പ്രവർത്തിച്ചിരുന്നത്. ലയിക്കണമെന്നുണ്ടെങ്കിൽ പാർട്ടി പിരിച്ചുവിടുമെന്നായിരുന്നു മുൻ നിലപാട്. എന്നാൽ, ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്റായി പ്രവർത്തിച്ചിരിക്കുകയാണ് പാർട്ടിയെന്നും പുറത്തുപോയവർ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് സബ്സിഡി നൽകാനെന്ന പേരിൽ നടത്തിയ സർവേ ബിജെപി പ്രവേശനത്തിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് നേതാക്കൾ ആരോപിക്കുന്നു. ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സർവേയിലൂടെ കൃത്യമായ അജണ്ട നടപ്പിലാക്കുകയായിരുന്നു. സബ്സിഡി ആനുകൂല്യങ്ങൾ കിട്ടുമെന്ന് വിശ്വസിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വിവരങ്ങൾ ശേഖരിച്ചതെന്നും ഇവർ ആരോപിച്ചു.പാർട്ടിക്കുള്ളിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും പ്രസിഡന്റ് സാബു ജേക്കബിന്റെ ഏകാധിപത്യപരമായ നിലപാടുകളാണ് തുടരുന്നതെന്നും കോൺഗ്രസിലേക്ക് ചുവടുമാറ്റിയവർ ആരോപിച്ചു. ഒറ്റയ്ക്ക് നിൽക്കാൻ ശക്തിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സാബു ജേക്കബ് ബിജെപി പാളയത്തിൽ എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ ഭാരവാഹികൾ ട്വന്റി ട്വന്റി വിട്ട് കോൺഗ്രസിലേക്ക് എത്തുമെന്നും ഇത് സാബു ജേക്കബിന്റെ രാഷ്ട്രീയ അന്ത്യമാകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നിലനിൽപ്പിനായി മാത്രം എടുത്ത തീരുമാനമാണിതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. 'ജനങ്ങളുടെ താല്പര്യമല്ല, ബിസിനസ് ലാഭം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ട്വന്റി ട്വന്റി എന്ന പാർട്ടിക്കാണ് ജനങ്ങൾ വോട്ട് ചെയ്തത്, ബിജെപി സഖ്യത്തിനല്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപുതന്നെ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടന്നിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത് ജനങ്ങളോടുള്ള പച്ചയായ വഞ്ചനയാണ്,' അവർ പറഞ്ഞു. പാർട്ടിക്കുള്ളിൽ കടുത്ത ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസിലേക്ക് പോയ നേതാക്കൾ പറഞ്ഞു.പ്രസിഡന്റ് പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് പാർട്ടി ലൈൻ. ഫണ്ട് ചെലവാക്കുന്നതും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതും ഫ്‌ലക്‌സ് അടിക്കുന്നതും ഒരാൾ മാത്രമാണ്. കിറ്റുകൾ നൽകി ജനങ്ങളുടെ എതിർപ്പ് ഇല്ലാതാക്കാമെന്നത് സാബു ജേക്കബിന്റെ വ്യാമോഹം മാത്രമാണ്. വഞ്ചനയുമായി ജനങ്ങളെ സമീപിച്ചാൽ അവർ ആട്ടിപ്പായിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.