പത്തനംതിട്ട ;ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ ആദ്യ തെളിവെടുപ്പ്.
രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോൾ ചിരിമാഞ്ഞു.ഹോട്ടലിലെ റജിസ്റ്ററിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.റജിസ്റ്ററിൽ സംഭവദിവസം 408–ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്. അതേസമയം ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുൽ ബി.ആർ എന്നാണ്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർഥ പേര്. എന്നാൽ സംഭവദിവസം ഇവർ ഹോട്ടലിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പൊലീസ് കണ്ടെടുത്തു.തെളിവെടുപ്പിൽ ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞതായാണ് വിവരം.
ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ എത്തിയിരുന്നതായും രാഹുൽ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാൽ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി.ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാംപിൽനിന്നും തിരുവല്ലയിലേക്കു രാഹുലുമായി പൊലീസ് സംഘം പുറപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സംഘം ഹോട്ടലിനു മുൻപിൽ നിലയുറപ്പിച്ചിരുന്നു.തെളിവെടുപ്പിനു രാഹുലിനെ കൊണ്ടുവരും എന്നറിഞ്ഞ് ഇവിടേക്ക് ആളുകളും എത്തുന്നുണ്ട്. അതേസമയം തെളിവെടുപ്പിനായി രാഹുലിനെ പാലക്കാട്ടേക്കു കൊണ്ടുപോകണമോ എന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ചൊവ്വാഴ്ച രാഹുലിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിനോടു സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ലൈംഗികപീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടത്.
വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപു ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോൺഫറൻസ് വഴിയാണെന്നും മൊഴിയെടുത്താൽ 3 ദിവസത്തിനകം ഒപ്പിടണം എന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.