തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എത്താതിരുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു.
മന്ത്രി റോഷി അഗ്സ്റ്റിന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് തുടങ്ങിയ നേതാക്കള്‍ സമരപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും പങ്കെടുക്കാതിരുന്ന ജോസ് കെ. മാണി, ഇന്ന് സത്യഗ്രഹത്തിനും വരാതിരുന്നതോടെ മുന്നണി ബന്ധം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്ക്കുന്നുവെന്ന അഭ്യൂഹത്തിനാണ് ഇടയാക്കിയിരിക്കുന്നത്.ഫെബ്രുവരിയില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ മേഖലാ ജാഥയില്‍ മധ്യമേഖലയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ജോസ് കെ.മാണിയെയാണ്. എന്നാല്‍ എന്‍.ജയരാജിനെ ക്യാപ്റ്റന്‍ സ്ഥാനം എല്പ്പിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഫെബ്രുവരി 6ന് അങ്കമാലിയില്‍ ആരംഭിച്ച് 13ന് ആറന്മുളയില് സമാപിക്കുന്ന തരത്തിലാണ് മധ്യമേഖലാ ജാഥ നിശ്ചയിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ യുഡിഎഫിലേക്കു തിരിച്ചുപോകുന്നതു സംബന്ധിച്ച് വലിയ സമ്മര്‍ദമാണ് പാര്‍ട്ടി നേതൃത്വം നേരിടുന്നത്. പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന പല പ്രബല വിഭാഗങ്ങളും മുന്നണിമാറ്റം സജീവമായി പരിഗണിക്കണമെന്ന ആവശ്യമാണ് നേതൃത്വത്തിനു മുന്നില്‍ വച്ചിരിക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു വിരുദ്ധ മനോഭാവത്തിന്റെ സൂചനകളാണ് ഉണ്ടായതെന്നും ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേചനബുദ്ധി കാട്ടണമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തോട് ഇക്കൂട്ടര്‍ പറയുന്നത്. 2021ല്‍ ഇടത് അനുകൂല സാഹചര്യം നിലനിന്നപ്പോള്‍ പോലും 12 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്തു മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്.ഇതു കണക്കിലെടുക്കുമ്പോള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും മുന്നണിമാറ്റത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തള്ളിപ്പറയുന്നത് അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയായി വിലയിരുത്തപ്പെടുമെന്നാണ് മറുവാദം.
എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കണമെന്നാണ് എംഎല്‍എമാരില്‍ ചിലരുടെ നിലപാട്. പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് മറ്റ് എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. 16ന് ചേരുന്ന ഉന്നതാധികാര യോഗത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയാവും നടക്കുക.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.