തിരുവനന്തപുരം: നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് മേയർ വി.വി. രാജേഷ്.
കോർപ്പറേഷനിലെ 11 സോണൽ ഓഫീസുകളിലെയും പ്രധാന ഓഫീസിലെയും ജീവനക്കാർക്കായി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ അനുഭവം പങ്കുവെച്ച് മേയർ
താൻ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് കോർപ്പറേഷനിൽ നിന്നും നേരിട്ട ദുരനുഭവം മേയർ യോഗത്തിൽ വെളിപ്പെടുത്തി. കെട്ടിടനികുതിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി എത്തിയപ്പോൾ ഒരു ഉദ്യോഗസ്ഥൻ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്നും, പലതവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ സുഹൃത്തിൽ നിന്നും ഇതേ ആവശ്യത്തിന് ആ ഉദ്യോഗസ്ഥൻ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി, അഴിമതിയുടെ ആഴം മേയർ വ്യക്തമാക്കി.
നഗരസഭാ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങളോട് ജീവനക്കാർ സൗമ്യമായി പെരുമാറണമെന്നും സേവനങ്ങൾ സുതാര്യമാണെന്ന് ഉറപ്പുവരുത്തണമെന്നും മേയർ നിർദ്ദേശിച്ചു. പ്രവൃത്തിദിനങ്ങളിൽ കൃത്യമായ സമയനിഷ്ഠ പാലിക്കണം. ജോലിസമയത്തെ രാഷ്ട്രീയ പ്രവർത്തനം കർശനമായി നിരോധിച്ചതിനോടൊപ്പം, അനാവശ്യമായി ഫയലുകൾ താമസിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനും ഫയൽ നീക്കം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, നഗരസൗന്ദര്യം നിലനിർത്തുന്നതിനായി രാഷ്ട്രീയ പാർട്ടികൾ സ്ഥാപിക്കുന്ന ഫ്ളക്സുകൾ പരിപാടികൾക്ക് ശേഷം ഉടൻ തന്നെ നീക്കം ചെയ്യണമെന്നും മേയർ യോഗത്തിൽ വ്യക്തമാക്കി.ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ കരമന അജിത്ത്, എം.ആർ. ഗോപൻ, വി. സത്യവതി, ജി.എസ്. മഞ്ജു, ചെമ്പഴന്തി ഉദയൻ, എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.