പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എം.പി ഷാഫി പറമ്പിലിനെതിരെ പാലക്കാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
2022-ൽ പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി. കേസ് ഈ മാസം 24-ന് വീണ്ടും പരിഗണിക്കും.
കേസിന്റെ പശ്ചാത്തലം
2022 ജൂൺ 24-ന് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരമാണ് കേസിനാധാരം. അന്ന് പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ചന്ദ്രനഗറിന് സമീപം ദേശീയപാത ഉപരോധിച്ചിരുന്നു. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കസബ പോലീസാണ് കേസെടുത്തത്.
സരിന് ശിക്ഷ, ഷാഫിക്കെതിരെ വാറന്റ്
ഈ കേസിലെ ഒന്നാം പ്രതിയാണ് ഷാഫി പറമ്പിൽ. ഒമ്പതാം പ്രതിയായിരുന്ന മുൻ കോൺഗ്രസ് നേതാവും നിലവിൽ ഇടതുപക്ഷ സഹയാത്രികനുമായ ഡോ. പി. സരിൻ കോടതിയിൽ ഹാജരായിരുന്നു. കുറ്റം സമ്മതിച്ച സരിനെ 500 രൂപ പിഴ ഒടുക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു.
എന്നാൽ, നിരന്തരമായ സമൻസുകൾ അയച്ചിട്ടും ഷാഫി പറമ്പിൽ ഹാജരാകാത്ത സാഹചര്യം കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ മറ്റു പ്രതികളായ നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നിയമനടപടികൾ തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.