കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹിക അടിത്തറ വിപുലപ്പെടുത്താൻ സമുദായ സംഘടനകളിലേക്ക് പാലമിട്ട് സി.പി.ഐ.എം. നവോത്ഥാന സമിതിയെ മുൻനിർത്തി വിവിധ പട്ടികജാതി-പിന്നാക്ക സംഘടനകളെ ഇടത് മുന്നണിയിലെത്തിക്കാനാണ് പാർട്ടിയുടെ നീക്കം.
ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ചോർച്ച പരിഹരിക്കാൻ ശക്തമായ ഒരു ബദൽ വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദൗത്യവുമായി മുതിർന്ന നേതാക്കൾ
സമുദായ സംഘടനകളുമായുള്ള ചർച്ചകൾ ഏകോപിപ്പിക്കാൻ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) സംസ്ഥാന സെക്രട്ടറിയുമായ കെ. സോമപ്രസാദ്, നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.ഡി.എഫ് നേതാവുമായ പി. രാമഭദ്രൻ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇടതുമുന്നണിയുമായി അകന്നുനിൽക്കുന്ന കെ.പി.എം.എസ് നേതൃത്വത്തെ അനുനയിപ്പിച്ച് തിരികെ എത്തിക്കാനാണ് പ്രാഥമിക നീക്കം.
പുതിയ രാഷ്ട്രീയ പാർട്ടി; ഇടതുമുന്നണിയിലേക്ക് വഴിതുറക്കും
പി. രാമഭദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ഫെഡറേഷൻ' (SDF) എന്ന കൂട്ടായ്മയെ രഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദളിത്-ആദിവാസി മഹാസഖ്യം, ചില മുസ്‍ലിം സംഘടനകൾ എന്നിവരെ ഈ പുതിയ പാർട്ടിയിൽ അണിനിരത്തും.
സി.കെ. ജാനുവിന്റെ പാർട്ടിയും ഫോർവേഡ് ബ്ലോക്ക് വഴി മറ്റ് ചില സമുദായ സംഘടനകളും യു.ഡി.എഫുമായി സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് സി.പി.ഐ.എമ്മിന്റെ ഈ ബദൽ നീക്കം.
നവോത്ഥാന സമിതി നേതാക്കൾ സ്ഥാനാർത്ഥികളായേക്കും
നവോത്ഥാന സമിതിയിലെ പ്രമുഖ മുഖങ്ങളെ ഇടതു സ്വതന്ത്രരായി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
പി. രാമഭദ്രൻ,പി.കെ. സജീവ് (മലയരയ ഐക്യസമിതി നേതാവ്),രാമചന്ദ്രൻ മുല്ലശ്ശേരി (സാംബവ മഹാസഭ നേതാവ്) ,എന്നിവരുടെ പേരുകളാണ് പ്രാഥമിക പരിഗണനയിലുള്ളത്.
സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്താമെന്നാണ് ഇടത് ക്യാമ്പിന്റെ കണക്കുകൂട്ടൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.