ലണ്ടൻ/കൊച്ചി: അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ നിർണ്ണായക കണ്ണിയായ യുകെ മലയാളി സന്ദീപ് സജീവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (NCB) ശുപാർശപ്രകാരമാണ് നടപടി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരു യുകെ മലയാളിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത് ഇതാദ്യമായാണ്. എറണാകുളം പറവൂർ ചേന്ദമംഗലം സ്വദേശിയായ സന്ദീപ്, കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് തന്നെ പിടികൂടാനാവില്ലെന്ന വിശ്വാസത്തിൽ ബ്രിട്ടനിൽ കഴിയുകയായിരുന്നു.
ആസൂത്രണം സിനിമയെ വെല്ലുന്ന രീതിയിൽ
യുകെയിലെ ഹള്ളിൽ താമസിച്ച് അതിസങ്കീർണ്ണമായ രീതിയിലാണ് സന്ദീപ് മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകിയിരുന്നത്. മൂവാറ്റുപുഴ സ്വദേശിയായ എഡിസൺ 'ഡാർക്ക് നെറ്റ്' വഴി എൽ.എസ്.ഡി സ്റ്റാമ്പുകൾ ഓർഡർ ചെയ്യുന്നു. ഓർഡർ ചെയ്യുന്ന ലഹരിവസ്തുക്കൾ യുകെയിലെ ഹള്ളിലുള്ള സന്ദീപിന്റെ വിലാസത്തിൽ എത്തും. ലോജിസ്റ്റിക് മേഖലയിൽ ജോലി ചെയ്തിരുന്ന സന്ദീപ്, ഇത് സുരക്ഷിതമായി പായ്ക്ക് ചെയ്ത് കൊച്ചിയിലേക്ക് സ്പീഡ് പോസ്റ്റായി അയക്കും. ഓസ്‌ട്രേലിയയിലുള്ള കാക്കനാട് സ്വദേശി ഹരിക്കൃഷ്ണൻ അജി ജവാസ് ആണ് പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത്. ക്രിപ്‌റ്റോ കറൻസി വഴിയായിരുന്നു കൈമാറ്റം. ഒരു ഇടപാടിൽ മാത്രം 85 ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായി എൻ.സി.ബി കണ്ടെത്തിയിട്ടുണ്ട്.
എൻ.സി.ബിയുടെ വലയിൽ കുടുങ്ങിയവർ
എറണാകുളത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികളായ യുവാക്കളാണ് ഈ ശൃംഖലയുടെ പിന്നിൽ. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന എഡിസൺ, അരുൺ ബാബു, റിസോർട്ട് ഉടമ ഡിയോൾ, ഭാര്യ അഞ്ജു തോമസ് എന്നിവരെ എൻ.സി.ബി ഇതിനോടകം പിടികൂടിയിട്ടുണ്ട്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം.
ബ്രിട്ടനിലെ ഡിജെ പാർട്ടികളും ലഹരി ഒഴുക്കും
യുകെയിലെ കവൻട്രി, സ്റ്റോക് ഓൺ ട്രെന്റ്, ലെസ്റ്റർ തുടങ്ങിയ നഗരങ്ങളിൽ മലയാളികൾ സംഘടിപ്പിക്കുന്ന 'അഡൾട്ട് ഓൺലി' ഡിജെ പാർട്ടികളിൽ ലഹരിമരുന്ന് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് സൂചനയുണ്ട്. സന്ദീപിനെ പിടികൂടുന്നതോടെ ഇത്തരം പാർട്ടികളിലെ മയക്കുമരുന്ന് സാന്നിധ്യത്തെക്കുറിച്ചും വ്യക്തമായ വിവരം ലഭിക്കുമെന്നാണ് എൻ.സി.ബി പ്രതീക്ഷിക്കുന്നത്.
തിരിച്ചടിയായി ലഹരി ഉപയോഗം; വിദ്യാർത്ഥിയുടെ ദാരുണാന്ത്യം
അതിനിടെ, കെന്റിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിലും ലഹരിമരുന്ന് മാഫിയയുടെ നിഴലുണ്ട്. മയക്കുമരുന്ന് വിതരണക്കാരനായ ഒരു ബ്രിട്ടീഷുകാരന്റെ ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണോ മരണകാരണമെന്ന് കെന്റ് പോലീസ് അന്വേഷിച്ചു വരികയാണ്.
റെഡ് കോർണർ നോട്ടീസ് പുറത്തിറങ്ങിയതോടെ സന്ദീപിനെ ബ്രിട്ടീഷ് പോലീസ് ഉടൻ പിടികൂടി ഇന്ത്യക്ക് കൈമാറുമെന്നാണ് സൂചന. ഇതോടെ കോടികളുടെ അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.