കാട്ടാക്കട: മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷവും 'മെഡിക്കോ ഫെസ്റ്റ് 2025-26' ഉം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കാട്ടാക്കടയിൽ സംഘടിപ്പിച്ചു.
കാട്ടാക്കട ചാരുപാറ വിശ്വദീപ്തി സ്കൂളിലെ മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷനും മാതാ കോളേജും സംയുക്തമായാണ് ഈ മെഗാ ചാരിറ്റി ഇവന്റ് സംഘടിപ്പിച്ചത്.
കാൽ നൂറ്റാണ്ടുകാലമായി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ട്രസ്റ്റ് പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ വിളംബരം കൂടിയായി മാറി ഈ വാർഷികാഘോഷം.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഇലക്ട്രിക് വീൽചെയറുകൾ, വാക്കറുകൾ എന്നിവയുടെ വിതരണം, നിരാലംബരായ അമ്മമാർക്കും വൃദ്ധജനങ്ങൾക്കും ഭക്ഷണക്കിറ്റുകൾ, മെഡിക്കൽ കോളേജ്-ആർ.സി.സി എന്നിവിടങ്ങളിലെ രോഗികൾക്ക് ഉച്ചഭക്ഷണം എത്തിക്കൽ തുടങ്ങി വിപുലമായ സേവനപ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ നടത്തിവരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസിളവും പഠനോപകരണങ്ങളും നൽകുന്നതിനൊപ്പം പൂർണ്ണമായും സൗജന്യമായ വിദ്യാഭ്യാസ സൗകര്യങ്ങളും ട്രസ്റ്റ് ഉറപ്പാക്കുന്നു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന താക്കോൽദാന കർമ്മം ഏറെ ശ്രദ്ധേയമായി. നിരാലംബരായ ഒരു അമ്മയ്ക്കും മകൾക്കുമായി ഫൗണ്ടേഷൻ നിർമ്മിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ ചടങ്ങിൽ കൈമാറി. കൂടാതെ, പോളിയോ ബാധിതയായ വനിതയ്ക്ക് ഇലക്ട്രിക് വീൽചെയറും, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി അശരണരായ അമ്മമാർക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു.
ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകയുമായ സീമ ജി. നായർക്ക് സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നൽകിയത്. അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.