കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റിൽ.
വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ(41) ആത്മഹത്യയിലാണ് ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.ഒളിവിൽ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്വകാര്യവാഹനത്തിൽ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉടൻതന്നെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയേക്കും.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യവാഹനത്തിൽ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യനീക്കങ്ങളിൽ സംശയമുണ്ടെന്നും ഇവർ പ്രതികരിച്ചു. കഴിഞ്ഞദിവസം പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവിൽപോയിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും സൂചനകളുണ്ടായിരുന്നു.
ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഞായറാഴ്ചയാണ് ദീപക്ക് ജീവനൊടുക്കിയത്.
യുവതിയുടെപേരിൽ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതിനൽകിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. യുവതി മനഃപൂർവം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.