തിരുവനന്തപുരം : കേന്ദ്രം കേരളത്തിന് 5000 കോടിയിലേറെ നൽകാനുണ്ടെന്നും സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി ബിജെപി.
കേരളത്തെ നശിപ്പിച്ച പത്തു വർഷമാണ് പിണറായി ഭരണത്തിൽ കടന്നു പോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. യുപിഎ ഭരണകാലത്ത് 72,000 കോടി രൂപ മാത്രം കേരളത്തിനു ലഭിച്ചപ്പോൾ 2014 - 2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ കേരളത്തിനു കൈമാറിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഇന്ന് പിണറായി വിജയൻ പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തിൽനിന്ന് കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതാണ് അതിനുകാരണം. സഖാക്കൻമാർക്ക് തോന്നിയപടി ചെലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പരിഹസിച്ചു.
പത്തു കൊല്ലം ഭരിച്ച പിണറായി സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്തു വർഷം കൊണ്ട് എന്തു ചെയ്തു എന്നു പറയേണ്ടതിനു പകരം കേന്ദ്ര സർക്കാർ പണം തന്നില്ല എന്ന് നുണ പ്രചരിപ്പിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്.
കിഫ്ബി, പെൻഷൻ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി തീർന്നു പോകുന്നത്. അല്ലാതെ കേന്ദ്ര സർക്കാർ പരിധി വെട്ടിക്കുറയ്ക്കുന്നതല്ല. വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബിജെപി പിണറായി വിജയനെ ക്ഷണിക്കുകയാണ്. ഇതേ കുറിച്ച് ഒരു തുറന്ന സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സിപിഎമ്മിന്റെ പിന്തുണയോടെ ഭരിച്ച യുപിഎ സർക്കാർ കേരളത്തിന് പത്തു വർഷം കൊണ്ട് തന്നത് 72,000 കോടി രൂപയാണ്. നരേന്ദ്രമോദി സർക്കാർ കേരളത്തിനു തന്നത് 3.2 ലക്ഷം കോടി രൂപയാണ്. യുപിഎ കാലത്ത് പിണറായി വിജയനും സിപിഎമ്മും ഒരു സമരവും ചെയ്തില്ല. നാലര ഇരട്ടി സഹായം കേരളത്തിനു തന്നിട്ടും എന്തിന് സമരം ചെയ്യുന്നു എന്നതാണ് ചോദ്യം. പിണറായി മുഖ്യമന്ത്രിയാകുമ്പോൾ കേരളത്തിന്റെ കടം 1.4 ലക്ഷം കോടി രൂപയായിരുന്നു. പത്ത് വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ കടം 5 ലക്ഷം കോടി രൂപയായി ഉയർന്നു.
പതിനാറായിരം കോടിയുടെ കേന്ദ്ര പദ്ധതികളാണ് പിണറായി സർക്കാർ ചവിട്ടി വച്ചിരിക്കുന്നതെന്ന് സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും 54,000 ലക്ഷം വീട്ടിൽ കുടിവെള്ളമില്ല, 6,000 കോടി കരാറുകാർക്ക് കൊടുക്കാൻ സർക്കാരിന് കാശില്ല. 45,000 പേർ ഇന്നും കോളനികളിൽ ജീവിക്കുന്നു.
ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പരിപാടി പിണറായി സർക്കാർ അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ.എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.