തിരുവനന്തപുരം : ഇ.ശ്രീധരൻ നിർദേശിച്ച വേഗ റെയിൽ പദ്ധതിക്കു റെയിൽവേ മന്ത്രാലയത്തിൽനിന്ന് ഔദ്യോഗിക പ്രതികരണം ലഭിക്കാതിരുന്നതുകൊണ്ടും കേന്ദ്ര നഗരകാര്യമന്ത്രി അനുകൂലിച്ചതുകൊണ്ടുമാണ് പുതിയ ആർആർടിഎസ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
‘പ്രപ്പോസൽ’ തന്നാൽ അംഗീകരിക്കാമെന്നു കേന്ദ്ര നഗരകാര്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിച്ചതു വിശ്വാസത്തിലെടുത്തിരിക്കുകയാണെന്നും ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്:
‘‘സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ നോക്കിയപ്പോൾ ഭയങ്കര തടസ്സം. ഒരു ദിവസം ഇ.ശ്രീധരൻ വന്നു. ഒരു പദ്ധതി കേന്ദ്രത്തിനു കൊടുത്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ പിന്തുണച്ചാൽ കേന്ദ്രം അംഗീകരിക്കാൻ തയാറാണെന്നും പറഞ്ഞു. നമുക്കു റെയിൽ വേണമെന്നല്ലേയുള്ളൂ. ആവട്ടെ എന്നു പറഞ്ഞു. റെയിൽവേ മന്ത്രിയെ ബന്ധപ്പെട്ടു. സർക്കാരിന്റെ പ്രതിനിധിയായി കെ.വി.തോമസാണു പ്രപ്പോസൽ കൊടുത്തത്. മറുപടിയുണ്ടായില്ല.
ഒരു ദിവസം ഞാൻ കെ.വി.തോമസിനെയും കൂട്ടി കേന്ദ്രമന്ത്രിയെ കണ്ടു. നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ ഔപചാരികമായി പ്രപ്പോസൽ തരുമെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിൽ അക്കാര്യമുണ്ടായിരുന്നില്ലെന്നാണു പെരുമാറ്റത്തിൽ മനസ്സിലായത്. ഒരു മറുപടിയുമുണ്ടായില്ല’’– മുഖ്യമന്ത്രി പറഞ്ഞു.കേരളം മുഴുവൻ റാപിഡ് റെയിലിന് കേന്ദ്രാനുമതി ലഭിക്കില്ല: ഇ.ശ്രീധരൻ റാപിഡ് റെയിൽ പാതകൾ പ്രധാന നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിക്കാനുള്ളതാണെന്നും കേരളം മുഴുവൻ റാപ്പിഡ് റെയിൽ നിർമിക്കാൻ കേന്ദ്രാനുമതി ലഭിക്കില്ലെന്നും ഇ.ശ്രീധരൻ.
തിരുവനന്തപുരം–കൊല്ലം പോലെ ചെറിയ റൂട്ടുകളിൽ റാപ്പിഡ് റെയിൽ നടപ്പാക്കാൻ കഴിയും.സിൽവർലൈനിന്റെ ബദൽ സംബന്ധിച്ചു മുഖ്യമന്ത്രി നേരത്തേ ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും വീട്ടിലെത്തി സംസാരിച്ചതും പദ്ധതിയിൽ തൃപ്തി രേഖപ്പെടുത്തിയതുമാണ്.
10 മാസത്തോളം പ്രതികരിക്കാതിരുന്ന ശേഷം ഇപ്പോൾ റാപ്പിഡ് റെയിൽ നടപ്പാക്കുമെന്നു പറയുന്നതിലെ യുക്തിയെന്താണെന്നു മനസ്സിലാകുന്നില്ല. റാപ്പിഡ് റെയിലിന് അതിവേഗ പാത പദ്ധതിയുമായി ബന്ധമില്ലാത്തതിനാൽ ഡിപിആർ തയാറാക്കുന്ന ജോലികളുമായി മുന്നോട്ടുപോകും. ജനങ്ങൾക്ക് എന്താണു വേണ്ടതെന്ന ബോധ്യം സർക്കാരിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.