തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി.
ഇതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. പാർട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ വേഗം സ്ഥാനാർഥിനിർണയം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് പാർട്ടി തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടെ 9 മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത് എത്തിയിരുന്നു.അഞ്ചിടത്ത് അൻപതിനായിരത്തിലേറെ വോട്ട് നേടി.നേമത്തു മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 3,949 വോട്ടുകൾക്കാണ് മന്ത്രി വി.ശിവൻകുട്ടി ബിജെപിയിലെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. 2016ൽ ബിജെപിക്കായി ഒ.രാജഗോപാൽ അക്കൗണ്ട് തുറന്ന മണ്ഡലമാണിത്.
ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് തന്നെ രംഗത്തിറങ്ങുന്നത് ഗുണകരമാകുമെന്ന് പാർട്ടി കരുതുന്നു. എന്നാൽ ഇതിന് അന്തിമ അംഗീകാരം നല്‍കേണ്ടത് കേന്ദ്ര നേതൃത്വമാണ്.കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ 40,193 വോട്ട് നേടിയിരുന്നു.
2016ൽ വി.മുരളീധരൻ കടകംപള്ളിക്കെതിരെ നേടിയത് 42,732 വോട്ടാണ്. പാലക്കാട് മണ്ഡലത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെയും കായംകുളത്ത് ശോഭാ സുരേന്ദ്രനെയും മത്സരിപ്പിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ മികച്ച പ്രകടനമാണ് നടത്തിയത്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി അമിത് ഷാ ഈ മാസം കേരളത്തിലെത്തും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നുണ്ട്. ആറ്റിങ്ങൽ, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് 2021ൽ ബിജെപി രണ്ടാമതെത്തിയത്. 17 സീറ്റുകളിൽ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരത്തിലേറെ വോട്ട് ലഭിച്ചു. ഇത്തവണ നില മെച്ചപ്പെടുത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദേശം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.