ന്യൂഡൽഹി: അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ചട്ടങ്ങൾ പാലിക്കുന്നതിൽ കർശന നിർദ്ദേശവുമായി ഇന്ത്യയിലെ യുഎസ് എംബസി.
വിസ നിയമങ്ങൾ ലംഘിക്കുന്നവർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് എംബസി ഔദ്യോഗികമായി അറിയിച്ചു. യുഎസ് വിസ എന്നത് ഒരു വ്യക്തിയുടെ അവകാശമല്ലെന്നും, മറിച്ച് നിബന്ധനകൾക്ക് വിധേയമായി നൽകപ്പെടുന്ന ഒരു പദവി (Privilege) മാത്രമാണെന്നും എംബസി വ്യക്തമാക്കി.അമേരിക്കയിൽ താമസിക്കുന്ന കാലയളവിൽ അവിടുത്തെ നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എംബസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിയമലംഘനം നടത്തുന്നവരുടെ വിസ റദ്ദാക്കാനും അവരെ ഉടൻ നാടുകടത്താനും വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ പുറത്താക്കപ്പെടുന്നവർക്ക് ഭാവിയിൽ അമേരിക്കൻ വിസ ലഭിക്കാൻ അർഹതയുണ്ടാവില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറസ്റ്റ് ചെയ്യപ്പെടുകയോ മറ്റ് ക്രിമിനൽ നടപടികളിൽ ഉൾപ്പെടുകയോ ചെയ്യുന്നത് വിദ്യാർത്ഥി വിസയെ നേരിട്ട് ബാധിക്കും.
അമേരിക്കയിലെ പുതിയ ഭരണകൂടം കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കർശന നിലപാട്. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പ്രകാരം വിസ നടപടികളിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു. ഉയർന്ന വിസ ഫീസ്, നിർബന്ധിത സോഷ്യൽ മീഡിയ പരിശോധനകൾ, താമസിക്കുന്നതിനുള്ള നിശ്ചിത സമയപരിധി എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദേശ പൗരന്മാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ഐ-94 (I-94) ഫോമിന് പ്രത്യേക ‘വിസ ഇന്റഗ്രിറ്റി ഫീ’ ആയി 250 ഡോളർ അധികം നൽകേണ്ടതുണ്ട്.
എഫ് (അക്കാദമിക്), എം (വൊക്കേഷണൽ), ജെ (എക്സ്ചേഞ്ച്) എന്നീ വിഭാഗങ്ങളിൽ വിസ എടുത്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും പുതിയ നിരക്കുകളും നിയമങ്ങളും ബാധകമാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുഎസിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്. നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പഠനയാത്ര സുരക്ഷിതമാക്കണമെന്ന് എംബസി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
അതേസമയം, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതിനിടയിലാണ് ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്ക് വിസ സംബന്ധിച്ച പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.