തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.
16ന് ഉന്നത നേതൃനിര ഡൽഹിയിലെത്തും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേരള നേതാക്കളെ കാണും. തദ്ദേശതിരഞ്ഞെടുപ്പിനു മുൻപായി കേരള നേതൃത്വവുമായി ഇരുനേതാക്കളും നടത്തിയ ആശയവിനിമയത്തിന്റെ തുടർച്ചയായുള്ള കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.സ്ഥാനാർഥിനിർണയം സംബന്ധിച്ച പൊതു സമീപനം ചർച്ചചെയ്യും. മുന്നണി വിപുലീകരണ സാധ്യതകൾക്കു സംസ്ഥാന നേതൃത്വം അനുമതി തേടും. കേരള കോൺഗ്രസിനെ (എം) തിരികെക്കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ കൂടി ജോസ് കെ.മാണിയും കൂട്ടരും ആഗ്രഹിക്കുന്നു എന്ന സൂചന ശക്തമാണ്.
എംപിമാരിൽ ചിലർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം പാർട്ടിയെ അറിയിച്ച സാഹചര്യത്തിൽ അക്കാര്യത്തിലെ കേന്ദ്രനിലപാടും ഈ ചർച്ചകളിൽ അറിയാനിടയുണ്ട്. മത്സരസന്നദ്ധത അറിയിച്ച കെപിസിസി പ്രസിഡന്റിന് അക്കാര്യത്തിൽ എഐസിസിയുടെ അനുമതിയും ആവശ്യമാണ്.
യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കഴിഞ്ഞ നേതൃയോഗത്തിൽ വ്യക്തമായ സാഹചര്യത്തിൽ അക്കാര്യത്തിൽ ചർച്ചകളുണ്ടാകാനിടയില്ല.ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കോൺഗ്രസ് അനൗദ്യോഗികമായി കടക്കുകയാണ്. 19ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ‘മഹാപഞ്ചായത്തിൽ’ രാഹുൽ ഗാന്ധി പങ്കെടുക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ ജയിച്ച മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും ഇതിൽ അണിനിരക്കും.
സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി എഐസിസിയുടെ സ്ക്രീനിങ് കമ്മിറ്റി ഇന്നു തലസ്ഥാനത്തെത്തും. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സമിതിയിൽ ഡോ.സയ്യിദ് നാസർ ഹുസൈൻ, നീരജ് ഡാൻഗി, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങൾ. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ സമിതിയിൽ എക്സ് ഒഫിഷ്യോ അംഗങ്ങളാണ്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഇന്നാരംഭിക്കുന്ന രാപകൽ സമരത്തിൽ പങ്കെടുക്കാനായി നേതാക്കളെല്ലാം തലസ്ഥാനത്തുള്ള സാഹചര്യത്തിൽ പ്രധാനപ്പെട്ടവരുമായി സമിതി സംസാരിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും സ്ഥാനാർഥിത്വം സംബന്ധിച്ച പൊതുമാനദണ്ഡങ്ങളും അവലോകനം ചെയ്യുന്നതിനപ്പുറം സ്ഥാനാർഥി ചർച്ചകളിലേക്ക് ഇത്തവണ കടക്കാനിടയില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.