കോഴിക്കോട് :ദേശീയപാത 66 വെങ്ങളം - രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് കുടത്തുംപാറയിൽ സ്ഥാപിച്ച ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ പിരിവിന് എതിരെ പ്രതിഷേധം.
ഇന്ന് രാവിലെ എട്ടു മുതലാണ് ഇവിടെ ടോൾ പിരിവ് തുടങ്ങിയത്. ഇതിന് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിൽ ടോൾ പ്ലാസയിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഇതോടെ ദേശീയപാതയിൽ രാവിലെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.പ്രതിഷേധം മുൻകൂട്ടി കണ്ട് വിന്യസിച്ച വൻ പൊലീസ് സന്നാഹം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സർവീസ് റോഡുകളുടെയും മറ്റും നിർമാണം പൂർണമായും പൂർത്തിയാകാതെ ടോൾ പിരിവ് നടത്തുന്നതും ഉയർന്ന ടോൾ നിരക്കുമാണ് പ്രതിഷേധത്തിന് പിന്നിൽ.
ഇരുവശത്തും സർവീസ് റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കാത്തതിന്റെയും ടോൾ പ്ലാസയുടെ 20 കി.മീ. പരിധിയിൽ ഉള്ളവർക്ക് സൗജന്യ പാസ് അനുവദിക്കണം എന്നും ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിന്റെ ഒറ്റയാൾ സമരവും ടോൾ പ്ലാസയ്ക്ക് സമീപം ബുധനാഴ്ച രാത്രി എട്ടു മണിയോടെ ആരംഭിച്ചിരുന്നു.വ്യാഴാഴ്ച മുതൽ ടോൾ പിരിവു തുടങ്ങുമെന്ന വിവരം ഈ മാസം ഏഴിനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ട്രയൽ റൺ വിജയമായിരുന്നു. ടോൾ പിരിവിൽ ഫാസ്‌ടാഗിനാണ് മുൻഗണന. യുപിഎ വഴി പണമടയ്ക്കുന്നവർ 0.25 ശതമാനവും പണമായി അടയ്ക്കുന്നവർ ഇരട്ടിതുകയുമാണ് നൽകേണ്ടത്. ജില്ലയിൽ റജിസ്റ്റർ ചെയ്ത നാഷനൽ പെർമിറ്റ് അല്ലാത്ത കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 50 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.
ടോൾ പ്ലാസയിലെ 20 കിലോമീറ്റർ പരിധിയിൽ വരുന്ന സ്വകാര്യ വാഹന ഉടമകൾക്ക് 340 രൂപയുടെ പ്രത്യേക പാസും അനുവദിച്ചു. ആധാർ കാർഡും ബന്ധപ്പെട്ട വാഹനത്തിന്റെ രേഖകളുമായി ടോൾ പ്ലാസയിൽ എത്തിയാൽ പ്രതിമാസ പാസ് നൽകുന്ന സംവിധാനമാണ് ഇതിനായി ഏർപ്പെടുത്തിയത്.
രാജമാർഗ്‌യാത്ര ആപ്പിലൂടെ 3000 രൂപയുടെ വാർഷിക പാസ് വാങ്ങി രാജ്യത്തെ ഏതു ടോൾ പ്ലാസയിലൂടെയും മൊത്തം 200 തവണ യാത്ര ചെയ്യാനാകുന്ന സംവിധാനവും ഒളവണ്ണ ടോൾ പ്ലാസയിൽ എർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുമ്പള ആരിക്കാടി ടോൾ ഗേറ്റിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ പ്രതിഷേധം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.