തിരുവനന്തപുരം: ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ഷിജിലിനെതിരെ നിർണായകമായത് ഫൊറൻസിക് സർജന്റെ കണ്ടെത്തൽ.
കവളാകുളം ഐക്കരവിളാകം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിൽ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാനെ (അപ്പു) മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനെത്തുടർന്ന് കുട്ടി കുഴഞ്ഞുവീണെന്നായിരുന്നു ഇരുവരും പറഞ്ഞത്.എന്നാൽ, അത്യാഹിത വിഭാഗത്തിൽ ഇഹാനെ പരിശോധിച്ച ഡോക്ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തിയത് കേസന്വേഷണത്തിൽ നിർണായകമായി.കുഞ്ഞ് എവിടെയെങ്കിലും വീണോയെന്ന ഇവരുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഷിജിലിന്റെ മറുപടി. പിന്നാലെ പരിശോധിച്ച ഫൊറൻസിക് സർജനും കുഞ്ഞിന്റെ അടിവയറ്റിൽ ക്ഷതമേറ്റതു സ്ഥിരീകരിച്ചു. അതെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പൊലീസിനെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒൗദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്കു നീങ്ങുകയായിരുന്നു.
തുടക്കത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ ഷിജിലിനെയും കൃഷ്ണപ്രിയയെയും നെയ്യാറ്റിൻകര സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ ഇരുവരെയും വിട്ടയച്ചെങ്കിലും ഷിജിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിൻകര സ്റ്റേഷന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനായ ബാലരാമപുരം എസ്എച്ചഒ വി.സൈജുനാഥ് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനെ കഴിഞ്ഞ ദിവസം നേരിൽക്കണ്ട് വിവരങ്ങൾ ആരാഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഷിജിലിനെയും കൃഷ്ണപ്രിയയെയും വീണ്ടും ചോദ്യം ചെയ്തു. വ്യക്തമായ തെളിവുകളുടെ മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഷിജിൽ ഒടുവിൽ എല്ലാം വെളിപ്പെടുത്തിയെന്നാണു വിവരം. ഷിജിലിനെ കവളാകുളത്തെ വീട്ടിലെത്തിച്ച് പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തി.
രണ്ടര വർഷം മുൻപായിരുന്നു ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും വിവാഹം. കൃഷ്ണപ്രിയ ഗർഭിണിയായപ്പോൾ തന്നെ ഷിജിലിനു സംശയമായി. ഇതോടെ ഇവർ തമ്മിൽ അകന്നു. കുഞ്ഞു ജനിച്ച ശേഷം വളരെ കുറച്ചുനാൾ മാത്രമാണ് ഒന്നിച്ചു താമസിച്ചത്. ഇഹാന്റെ വലതുകയ്യിൽ അടുത്തയിടെ പ്ലാസ്റ്റർ ഇട്ടിരുന്നു.
ഇതും ഷിജിൽ അപായപ്പെടുത്താൻ ശ്രമിച്ചതിനു തെളിവാണെന്നു പൊലീസ് കണ്ടെത്തി. ഇഹാനെയും തന്നെയും ഷിജിൽ ഉപദ്രവിക്കുന്നുവെന്നുകാട്ടി കൃഷ്ണപ്രിയ മുൻപ് പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. 2 മാസം മുൻപാണ് കവളാകുളത്തെ വാടക വീട്ടിൽ ഇവർ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.