തിരുനാവായ ;ഇന്നു രാവിലെ 11ന് കൊടി ഉയരുന്നതോടെ നിളയിൽ കേരള കുംഭമേള തുടങ്ങും. ഉത്തരേന്ത്യയിൽ കുംഭമേള നടത്തുന്ന ജുനാ അഘാഡയുടെ നേതൃത്വത്തിലാണ് തിരുനാവായയിലും മഹാമാഘ മഹോത്സവം എന്ന പേരിൽ കുംഭമേള നടത്തുന്നത്.
ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള സന്യാസിമാരും വിശ്വാസികളും ഇന്നലെ വൈകുന്നേരത്തോടെ തിരുനാവായയിൽ എത്തിത്തുടങ്ങി. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ ഇന്നു രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ധ്വജാരോഹണം നടത്തുന്നത്.ഇതിനുവേണ്ട ധ്വജവും ധ്വജസ്തംഭവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്ന് ഇന്നലെ വൈകിട്ട് തിരുനാവായയിലെത്തിച്ചു. 47 അടിയുള്ള ധ്വജസ്തംഭത്തിലാണ് ഗവർണർ ധ്വജാരോഹണം നടത്തുന്നത്. ചടങ്ങിൽ ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, കെ.ദാമോദരൻ, കെ.കേശവദാസ്, കെ.സി.ദിലീപ് രാജ, അരീക്കര സുധീർ നമ്പൂതിരി എന്നിവരും പങ്കെടുക്കും.ഇന്നു വൈകിട്ട് നിളാ ആരതി തുടങ്ങും. കാശിയിലെ ദശാശ്വമേധ ഘട്ടിൽ ഗംഗാ ആരതി നടത്തുന്ന പണ്ഡിറ്റുകൾ തന്നെയാണ് നിളാ ആരതിയും നടത്തുന്നത്. നദിയെ ആരാധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 3 വരെ എല്ലാ ദിവസവും വൈകിട്ട് നിളാ ആരതി നടക്കും. ഭാരതപ്പുഴ നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നിളാ ആരതിക്ക് ആത്മീയതയ്ക്കൊപ്പം സാമൂഹിക സന്ദേശവും നൽകാനാകുമെന്ന് ജനറൽ കൺവീനർ കെ.കേശവദാസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് കുംഭമേളയുടെ പ്രായശ്ചിത്ത കർമങ്ങളുടെ ഭാഗമായി കാലചക്രം – ബലി എന്ന പ്രത്യേക പൂജ നടന്നു. നൂറ്റാണ്ടിനു ശേഷമാണ് ഇത്തരമൊരു പൂജ നടത്തുന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പൂജയ്ക്ക് ആചാര്യൻ കുഞ്ഞിരാമൻ പണിക്കർ നേതൃത്വം നൽകി. രാവിലെ 6ന് പിതൃയാനം എന്ന കർമം നടന്നു. കെ.രമേശ് ആചാര്യനായിരുന്നു. തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് ശ്രീചക്രം വഹിച്ചുള്ള രഥയാത്ര ഇന്ന് ആരംഭിക്കും.
22ന് രഥം തിരുനാവായയിലെത്തും. ഇതോടെ ഇവിടെ തിരക്കേറും. തുടർന്നുള്ള പൂജകളും കർമങ്ങളും ഭാരതപ്പുഴയിൽ പ്രത്യേകം ക്രമീകരിക്കുന്ന യജ്ഞശാലയിലേക്കു മാറ്റും. ആയിരങ്ങൾ പങ്കെടുക്കുമെന്നാണു കരുതുന്നത്. പ്രദേശത്ത് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇന്നുമുതൽ തിരുനാവായയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.