ആറ്റിങ്ങൽ: പാതിരാത്രിയിലുണ്ടായ അസാധാരണമായ അപകടത്തിന്റെ നടുക്കത്തിലാണ് ചെമ്പൂര് ഗ്രാമം.
നിയന്ത്രണംവിട്ട ബൈക്ക് മൂടിയില്ലാത്ത ഭാഗത്തുകൂടി ഓടയ്ക്കുള്ളിൽവീണ് മുന്നിൽ സ്ലാബുകളുണ്ടായിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മുദാക്കൽ കുന്നത്താംകോണം വി.യു. നിവാസിൽ അമൽ (22), കുന്നത്താംകോണം ചരുവിള പുത്തൻവീട്ടിൽ അഖിൽ (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ ചെമ്പൂര് ഭാവന ഓഡിറ്റോറിയത്തിനു സമീപമാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട്ടിൽനിന്ന് ചെമ്പൂരേക്ക് ബൈക്കിൽ വരുകയായിരുന്നു അഖിലും അമലും. വളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടയ്ക്കുള്ളിൽ വീണു. ഈ ഭാഗത്ത് ഓടയ്ക്ക് മൂടിയില്ല. റോഡിൽനിന്ന് വീടുകളിലേക്കുള്ള വഴിയുടെ ഭാഗത്ത് മാത്രമാണ് സ്ലാബുകൾ നിരത്തി ഓട മൂടിയിട്ടുള്ളത്.
ഓടയ്ക്കുള്ളിൽ വീണ ബൈക്ക് മറിയുകയോ നിൽക്കുകയോ ചെയ്യാതിരുന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. വളരെവേഗതയിൽ മുന്നോട്ടോടിയ ബൈക്ക് രണ്ടുവീടുകളിലേക്കുള്ള വഴിയുടെ ഭാഗത്ത് നിരത്തിയിരുന്ന സ്ലാബുകൾക്കടിയിലേക്കിടിച്ചുകയറി. യാത്രക്കാർ സ്ലാബിനുള്ളിൽ കുടുങ്ങിപ്പോയി. മനസ്സുതകർക്കുന്ന കാഴ്ച ചെമ്പൂര് പാലത്തിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ജീവനക്കാർ വെള്ളിയാഴ്ച രാത്രി കടയടയ്ക്കാൻ തുടങ്ങുമ്പോഴാണ് വലിയ ശബ്ദവും നിലവിളിയും കേട്ടത്. റോഡിലിറങ്ങി നോക്കിയെങ്കിലും ഒന്നും കാണാനായില്ല. ഓടയ്ക്കുള്ളിൽനിന്ന് വെളിച്ചം വരുന്നതുകണ്ട് നോക്കിയപ്പോഴാണ് സ്ലാബിനടിയിൽ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നതു കണ്ടത്.
സമീപത്തുള്ളവരെല്ലാം ഉടനെ ഓടിയെത്തി വളരെനേരം പരിശ്രമിച്ചാണ് രണ്ടുപേരെയും പുറത്തെടുത്തത്. തല സ്ലാബിലിടിച്ച് രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുജീവനും നഷ്ടപ്പെട്ടു. മരിച്ചത് ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും അമലും അഖിലും ബന്ധുക്കളും അയൽവാസികളും ഉറ്റകൂട്ടുകാരുമാണ്. അമൽ പെയിന്റ് പണിക്കാണ് പോകുന്നത്. അഖിൽ മണ്ണുമാന്തിയന്ത്രത്തിൽ സഹായിയുടെ ജോലിചെയ്യുന്നു. ജോലിയില്ലാത്ത സമയങ്ങളിൽ ഇരുവരും ഒരുമിച്ചുണ്ടാകും.മൂന്നുമാസം മുൻപാണ് അഖിൽ ബൈക്ക് വാങ്ങിയത്. അതിനുശേഷം ഈ ബൈക്കിലാണ് ഇവർ പുറത്തുപോകുന്നത്. വെള്ളിയാഴ്ച ജോലിക്കുപോയ ഇരുവരും ഒരുമിച്ചുകൂടിയശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.വീടിന് അരകിലോമീറ്റർ മുൻപാണ് അപകടം നടന്നത്. വേണു-ഉഷ ദമ്പതിമാരുടെ മകനാണ് അമൽ. കെട്ടിടനിർമാണ തൊഴിലാളിയാണ് വേണു. ഉഷ തൊഴിലുറപ്പ് തൊഴിലാളിയാണ്. അമലിന്റെ അനുജൻ ആരോമൽ വിദ്യാർഥിയാണ്. അമലിന് തൊഴിലും വരുമാനവും ഉണ്ടായതോടെ കുടുംബത്തിന്റെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. അഖിലിന്റെ അച്ഛൻ വിക്രമൻ പത്തുവർഷംമുൻപ് മരിച്ചു. അമ്മ ശാലിനി വീടുകളിൽ സഹായജോലികൾക്കായി പോയാണ് പിന്നീട് കുടുംബം പോറ്റിയത്.
അഖിലിന്റെ സഹോദരി അഞ്ജന വിവാഹിതയാണ്. ഇവരുടെയെല്ലാം പ്രതീക്ഷകളാണ് അപകടത്തിൽ ഇല്ലാതായത്. ശനിയാഴ്ച വൈകീട്ട് 4.15-ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ കുന്നത്താംകോണത്തെത്തിച്ചു. സമീപത്തെ വീട്ടുമുറ്റത്ത് ഒരുമിച്ച് പൊതുദർശനത്തിനുവെച്ചു. നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. ആറുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.