കേരളം നടുങ്ങിയ കൂട്ടക്കൊലകളുടെ ഇരുണ്ട വർഷം 2025...!

തിരുവനന്തപുരം; മോഷണക്കുറ്റം ആരോപിച്ച് 31കാരനായൊരു യുവാവിനെ അടിച്ചു കൊല്ലുക.

മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണയും മർദനവും. പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് മധുവിനെ അടിച്ചുകൊന്നതിന്റെ മുറിവുകൾ ഇതുവരെ മാറിയിട്ടില്ല. അപ്പോഴാണ് പാലക്കാട് തന്നെ വീണ്ടും ഇത്തരത്തിലൊരു ഹീനമായ പ്രവൃത്തി ഉണ്ടായിരിക്കുന്നത്. പാലക്കാട് അട്ടപ്പള്ളത്ത് 31കാരനായ അതിഥിത്തൊഴിലാളി രാമനാരായൺ ഭയ്യാറാണ് കൊല്ലപ്പെട്ടത്. പാലക്കാട്ട് മാത്രമല്ല, കേരളത്തിലുടനീളം ഇക്കഴിഞ്ഞ വർഷം പല തരത്തിലുള്ള ക്രൂരതകൾ അരങ്ങേറിയിട്ടുണ്ട്.
കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ ക്രിമിനല്‍ കേസുകളും സിവിൽ കേസുകളും ഉൾപ്പെടെ 4,73,713 കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ 1,46,843 എണ്ണം ക്രിമിനൽ കേസുകളാണ്. കഴിഞ്ഞ വർഷം ഇത് 1,98,234 ക്രിമിനൽ കേസുകളായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ നോക്കുകയാണെങ്കിൽ (2023, 2024) കുറ്റകൃത്യങ്ങളുടെ നിരക്കിൽ ചെറുതായൊരു കുറവ് കേരളത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ ഇതുവരെയുള്ള കണക്കുകൾ നേക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ കൂടാനാണ് സാധ്യത.

ഈ വർഷത്തിലെ ആദ്യ 2 മാസത്തിലെ 59 ദിവസങ്ങളിൽ കേരളത്തിൽ നടന്നത് 70 കൊലപാതകങ്ങളാണ്. 65 സംഭവങ്ങളിലായാണ് 70 പേർ കൊല്ലപ്പെട്ടത്. ഇതിൽ മുപ്പതും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. പല തരത്തിൽ ക്രൂരമായ കൊലപാതകങ്ങളും ചില കേസുകളിലെ വിധിയും ഈ 2025ൽ കേരളം കണ്ടു. കേരളത്തെ ഞെട്ടിച്ച ആ കേസുകളെ പറ്റി വിശദമായി അറിയാം.

നടിയെ ആക്രമിച്ച കേസ് മലയാള സിനിമാ ലോകത്തെ രണ്ടുചേരിയിലാക്കി നിർത്തിയ സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. 2017 ഫെബ്രുവരി 17നായിരുന്നു അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയത്. വിവാദമായ കേസിന്റെ വിധി വന്നത് 2025ലാണ്. 

8 വർഷം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പിൽ സെഷന്‍സ് കോടതി കേസിൽ വിധി പറഞ്ഞത്. കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. 1 മുതൽ 6 വരെ പ്രതികളായ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവർ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. ഇവർക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്.വെഞ്ഞാറമൂട് കൂട്ടക്കൊല; 5 പേരെ ഇല്ലാതാക്കിയ അഫാൻ ഫെബ്രുവരി 25നാണ് കേരളം ഞെട്ടിത്തരിച്ച ആ കൊലപാതക വാർത്ത പുറത്തുവന്നത്. 

ഞാൻ 6 പേരെ വെട്ടിക്കൊന്നു എന്നുപറഞ്ഞ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അഫാൻ പൊലീസ് സ്റ്റേഷനിലെത്തും വരെ ആ കൊലപാതക വിവരം ആരും അറിഞ്ഞിരുന്നില്ല. പ്രതിയുടെ മൊഴിക്കു പിന്നാലെ വീടുകളിൽ തിരച്ചിൽ‌ നടത്തിയ പൊലീസ് കണ്ടത് ക്രൂരമായ കാഴ്ചകളായിരുന്നു. 3 വീടുകളിലായി ചോരയിൽ കുളിച്ച് കിടക്കുന്ന 6 പേർ. അതിൽ ഒരാളെ രക്ഷിക്കാനായെങ്കിലും മറ്റ് 5 പേരും മരണത്തിനു കീഴടങ്ങി. 2 മണിക്കൂറിനിടെയാണ് 3 വീടുകളിൽ എത്തി അഫാൻ 6 പേരെ വെട്ടിയത്. അഫാന്റെ പിതാവിന്റെ അമ്മ സൽമാ ബീവി, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, കാമുകി ഫർഷാന, സഹോദരൻ അഫ്സാൻ, ഉമ്മ ഷമീന. 6 പേരെ വെട്ടിയെങ്കിലും അഫാന്റെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. 

കടബാധ്യത രൂക്ഷമായപ്പോൾ സഹായം നൽകാതിരുന്ന ബന്ധുക്കളോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നു. ഗൾഫിൽ കേസിൽപെട്ടു നാട്ടിലേക്കു വരാൻ പിതാവിനു കഴിയാത്ത സ്ഥിതിയായതോടെ, കടബാധ്യതകൾ തീർക്കാനുള്ള ഉത്തരവാദിത്തം അഫാന്റെ ചുമലിലായി. കടബാധ്യത കൂടിയതോടെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി. കടം നൽകിയവർ വീട്ടിൽവന്നു ശല്യം ചെയ്തതു നാണക്കേടുണ്ടാക്കി. പിന്നാലെയാണ് കുടുംബവുമായൊന്നിച്ച് ജീവനൊടുക്കാൻ അഫാൻ തീരുമാനിച്ചത്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാതിരുന്നവരെ കൊലപ്പെടുത്താൻ അഫാൻ പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

പിതാവിന്റെ മാതാവ് സൽമാബീവിയോടു വിവിധ സമയങ്ങളിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പണയം വയ്ക്കാൻ സ്വർണം ചോദിച്ചിട്ടും നൽകാതിരുന്നതും വൈരാഗ്യത്തിനു കാരണമായി. സ്വത്ത് നൽകാതിരുന്നതാണ് ലത്തീഫിനോടും ഭാര്യയോടുമുള്ള ദേഷ്യം. ഒറ്റപ്പെട്ട് പോകാതിരിക്കാനാണ് കാമുകിയെയും അനിയനെയും കൊന്നതും അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതും. കൂട്ടക്കൊലപാതകം നടത്തിയതിനു പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും അഫാൻ ശ്രമിച്ചിരുന്നു.

ഒരാളെ കൊന്നിട്ടും പകയടങ്ങാത്ത ചെന്താമര ഒരു സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തുക, ആ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ പുറത്തിറങ്ങി അതേ സ്ത്രീയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തുക. കേരളം 2025ൽ കണ്ടെ ഏറ്റവും ക്രൂരമായ കൊലപാതകികളിലൊരാളായിരുന്നു ചെന്താമര. 

2019 ഓഗസ്റ്റ് 31നാണ് ചെന്താമര നെന്മാറ പോത്തുണ്ടി സ്വദേശിയായ സജിതയെ കൊലപ്പെടുത്തിയത്. സ്വന്തം കുടുംബം നശിക്കാൻ കാരണം സജിതയാണെന്ന തോന്നലിനു പിന്നാലെയായിരുന്നു അന്നത്തെ കൊലപാതകം. അന്നുതന്നെ സജിതയുടെ മറ്റു കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ, അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചെന്താമര വീണ്ടും ഒരു ക്രൂരകൃത്യം ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.ജനുവരി 27നായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. സജിത വധക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ വിയ്യൂർ ജയിലിൽനിന്ന് ഇടക്കാല ജാമ്യം ലഭിച്ചാണ് ചെന്താമര പുറത്തിറങ്ങിയത്. 

27ന് രാവിലെ 10 മണിയോടെയാണ് ചെന്താമര പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും (56) ലക്ഷ്മിയെയും (75) കൊലപ്പെടുത്തിയത്. സ്വന്തം കുടുംബം നശിപ്പിച്ച സജിതയുടെ കുടുംബം സന്തോഷത്തോടെ ജീവിക്കരുതെന്ന തോന്നലായിരുന്നു കൊലപാതകത്തിനു പിന്നിൽ. നെന്മാറയിലെ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലിരിക്കെയാണ് സജിത കൊലക്കേസിലെ ശിക്ഷാവിധി വന്നത്. സജിത കൊലക്കേസിൽ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പരാമർശിച്ചു. 

ജസ്റ്റിസ് കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. ∙ ഗ്രീഷ്മയ്ക്ക് തൂക്കുകയർ കാമുകൻ ഷാരോണിനു വിഷം നൽകിക്കൊന്ന ഗ്രീഷ്മയുടെ കേസിൽ കോടതി വിധി പറഞ്ഞതും 2025ലായിരുന്നു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കോടതി ഗ്രീഷ്മയ്ക്കു തൂക്കുകയർ വിധിച്ചു. കേരളത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. കേസിൽ ഗ്രീഷ്മയുടെ അമ്മാവന് 3 വർഷം തടവുശിക്ഷയും വിധിച്ചു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

2022 ഒക്ടോബർ 14നു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ഷാരോൺ മരിച്ചത്. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. തീരാ നോവായി ഷഹബാസ് കേരള മനസ്സാക്ഷിയെ ഏറെ വേദനപ്പെടുത്തിയ വാർത്തയായിരുന്നു വിദ്യാർഥി സംഘട്ടനത്തിൽ മരിച്ച ഷഹബാസിന്റേത്. 

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസിലെ ഒരു യാത്രയയപ്പ് ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഷഹബാസിന് ജീവൻ നഷ്ടപ്പെട്ടത്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ യാത്രയയപ്പു യോഗത്തിനിടെ എളേറ്റിൽ സ്കൂളിലെ വിദ്യാർഥികളുടെ നൃത്തത്തിനിടെ പാട്ട് നിലച്ചതോടെ താമരശ്ശേരി സ്കൂളിലെ വിദ്യാർഥികൾ കൂവി. പിന്നാലെ അത് വാക്കേറ്റവും കയ്യാങ്കളിയുമായി. അധ്യാപകർ ഇടപെട്ട് വിദ്യാർഥികളെ പറഞ്ഞുവിട്ടെങ്കിലും ഇരുസ്കൂളിലെയും വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുണ്ടാക്കി പരസ്പരം പോർവിളി നടത്തി. 

അടുത്തദിവസം എളേറ്റിൽ സ്കൂളിലെ വിദ്യാർഥികൾ ട്യൂഷൻ സെന്ററിനു സമീപം സംഘടിച്ചെത്തി. വീട്ടിലിരുന്ന ഷഹബാസും സുഹൃത്തിനൊപ്പം സംഭവസ്ഥലത്തെത്തി. ഈ സമയം താമരശ്ശേരി സ്കൂളിലെ കുട്ടികളും താമരശ്ശേരി സ്കൂളിലെ സംഘവും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിനു നഞ്ചക്ക് കൊണ്ടു തലയ്ക്കുപിന്നിൽ അടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷഹബാസ് തൊട്ടടുത്ത ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. കേസിൽ 6 വിദ്യാര്‍ഥികൾക്കെതിരെയാണ് കേസെടുത്തത്. ∙ 

ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി; ഏറ്റുമാനൂർ ജെസി കൊലപാതകം കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ ജെസി കൊലപാതകം 2025 കേരളത്തിൽ ഏറെ ചർച്ചയായൊരു കേസായിരുന്നു. 2025 ഒക്ടോബറിലാണ് ഏറ്റുമാനൂർ കാണക്കാരിയിൽ ജെസി സാം കൊല്ലപ്പെട്ടത്. ഭർത്താവ് സാം കെ.ജോര്‍ജായിരുന്നു കൊലപാതകത്തിന് പിന്നിൽ. മറ്റു സ്ത്രീകളുമായി സാമിനുള്ള ബന്ധം ചോദ്യം ചെയ്തതായിരുന്നു കൊലപാതകത്തിന് കാരണം. മുളക് സ്പ്രേ മുഖത്ത് അടിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് സാം ജെസിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽ നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.

സെബാസ്റ്റ്യന്റെ ക്രൂരതകൾ 2024 ഡിസംബര്‌ 23ന് കോട്ടയം അതിരമ്പുഴയിൽ നിന്ന് കാണാതായ സ്ത്രീയെ തേടി കേരള പൊലീസ് നടത്തിയ യാത്ര തുറന്നുകാട്ടിയത് അതിക്രൂരമായൊരു സീരിയൽ കില്ലറെയായിരുന്നു. കോട്ടയത്ത് നിന്ന് കാണാതായ ജെയ്നമ്മയെ അന്വേഷിച്ച് പോയ പൊലീസ് ചേർത്തല ചൊങ്ങുംതറ സ്വദേശിയായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പിന്നാലെ ഇയാളുടെ വീട്ടിൽ പരിശോധനയും നടത്തി. വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി പരിശോധിച്ചപ്പോൾ അത് ജെയ്നമ്മയുടേതാണെന്ന് പൊലീസിന് മനസ്സിലായി. 

എന്നാൽ മൃതദേഹത്തിനായി വീടും പരിസരവും തിരഞ്ഞപ്പോഴാണ് മറ്റു രണ്ടുപേരുടെ കൊലപാതകത്തിന് പിന്നിലും മറഞ്ഞിരുന്നത് സെബാസ്റ്റ്യനാണെന്ന് പൊലീസിന് മനസ്സിലായത്. ജെയ്നമ്മ, ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന കൊലപാതകങ്ങൾ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം അനുഭവിച്ച് ജീവിതം അവസാനിപ്പിച്ചവരും ഈ വർഷത്തെ നോവാണ്. 2025 ജൂലൈ 9നാണ് കൊല്ലം സ്വദേശി വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകൾ വൈഭവിയേയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വിപഞ്ചിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭർതൃകുടുംബത്തിൽ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങൾ പുറത്തുവന്നത്. തുടർന്ന് ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛൻ മോഹനൻ എന്നിവർക്കെതിരെ മാതാവ് ഷൈലജ കുണ്ടറ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. വിപഞ്ചിക മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് കൊല്ലം തേവലക്കര കോയിവിള സ്വദേശിയായ അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിന്റെ പീഡനത്തെ തുടർന്നാണ് അതുല്യ ജീവനൊടുക്കിയതെന്നാണ് പരാതി. അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് അതുല്യയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളെല്ലാം പുറത്തുവന്നിരുന്നു. ജനുവരി 30നാണ് പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജ(26)യെ ഭർത്താവ് പ്രബിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

പ്രബിന്റെ സങ്കൽപത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരിൽ വിഷ്ണുജ അവഗണന നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടിലാണ് വിഷ്ണുജ ജീവനൊടുക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !