കണ്ണൂർ ;ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതി പാട്യം സ്വദേശി ടി.കെ.രജീഷ് മൂന്ന് മാസത്തിനിടെ 80 ദിവസത്തോളം ജയിലിന് പുറത്ത്.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രജീഷിന് 18 മുതലാണ് പരോൾ അനുവദിച്ചത്. രണ്ട് മാസത്തെ ആയുർവേദ ചികിത്സ കഴിഞ്ഞെത്തി 15 ദിവസമായപ്പോഴാണ് 20 ദിവസത്തെ പരോൾ ലഭിച്ചത്. മൂന്നരമാസത്തെ ശിക്ഷാകാലത്തിനാണ് 20 ദിവസത്തെ പരോൾ. ഒക്ടോബർ 9നാണ് സെൻട്രൽ ജയിലിൽ നിന്ന് രജീഷിനെ ജില്ലാ ആയുർവേദ ആശുപത്രിയിലേക്കു മാറ്റിയത്.രണ്ടു മാസത്തെ ചികിത്സ കഴിഞ്ഞ് ഈ മാസം 7ന് രജീഷ് തിരിച്ച് ജയിലിലെത്തി. ഈ രണ്ടുമാസവും ശിക്ഷാകാലത്തിൽപ്പെടുന്നതിനാൽ പത്ത് ദിവസം പരോളിന് രജീഷ് അർഹനായി.ജയിൽ ചട്ടപ്രകാരം ഒരു കൊല്ലം 60 ദിവസമാണ് പരോൾ ലഭിക്കുക. 30 ദിവസം തുടർച്ചയായി കിടന്നാൽ 5 ദിവസം. ഒന്നര മാസം കിടന്നാലും 10 ദിവസം പരോൾ ലഭിക്കും.ഓഗസ്റ്റിലാണ് രജീഷിന് അവസാനമായി പരോൾ ലഭിച്ചത്. തിരിച്ചെത്തി കുറച്ചുദിവസം കഴിയുമ്പോഴേക്കും ആയുർവേദ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. സെപ്റ്റംബർ–ഒക്ടോബർ വരെ ഒരു മാസം ജയിലിലും രണ്ട് മാസത്തെ ചികിത്സയും. പിന്നീട് 15 ദിവസം വീണ്ടും ജയിൽ. ഫലത്തിൽ ഒന്നരമാസം ജയിലിൽ കിടന്നപ്പോൾ മൂന്നര മാസം കിടക്കുന്നതിന് അനുവദിക്കുന്ന 20 ദിവസത്തെ പരോൾ ലഭിച്ചു.
നടുവേദന ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഡോക്ടർ പരിശോധിച്ച് രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഡിഎംഒ ഉൾപ്പടെയുള്ളവർ അടങ്ങുന്ന മെഡിക്കൽ ബോർഡ് യോഗം ചേർന്നാണു രജീഷിനെ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചതെന്നായിരുന്നു ജയിൽ വകുപ്പ് നൽകിയ വിശദീകരണം. ജില്ലാ ആയുർവേദ ആശുപത്രിയിൽ ഈ ചികിത്സ നീണ്ടത് 2 മാസമാണ്.അതേസമയം, പരോൾ അനുവദിച്ചത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ആർക്കും പരോൾ അനുവദിച്ചിരുന്നില്ല. പെരുമാറ്റച്ചട്ടം പിൻവലിച്ചതിനെ തുടർന്നാണ് പരോൾ അനുവദിക്കാൻ തുടങ്ങിയത്. പരോളിന് അർഹതയുള്ള 40 പേർ ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് പരോൾ. കണ്ണൂർ സ്വദേശിയായ രജീഷ് ജയിലിൽ നൽകിയത് എറണാകുളത്തെ മേൽവിലാസമാണ്.
അതിനാൽ പരോൾ കാലത്ത് എറണാകുളം ജില്ല വിട്ടുപോകാൻ പാടില്ല. ജില്ല വിട്ടുപോകുമ്പോൾ എളമക്കര പൊലീസ് സ്റ്റേഷനിൽനിന്ന് അനുമതി വാങ്ങണം. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്ത്, ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികൾക്കു നിയമവിരുദ്ധമായി പരോൾ അനുവദിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇവർക്ക് ഇഷ്ടം പോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ്കുമാർ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് രജീഷും ഷാഫിയും പുറത്തിറങ്ങുന്നത്.
അതിനിനിടെ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തിന് സൂചന നൽകുന്നതിനാൽ രാഷ്ട്രീയ കുറ്റവാളികൾ പരമാവധി പരോൾ എടുത്തു തീർക്കാനുള്ള നീക്കം നടത്തുന്നതായും പറയപ്പെടുന്നു. ടി.പി കേസ് കുറ്റവാളികൾക്ക് ഇക്കൊല്ലം ഫെബ്രുവരി വരെ 1081 ദിവസം വരെ പരോൾ ലഭിച്ചിരുന്നു. കെ.സി.രാമചന്ദ്രനാണ് ഏറ്റവുമധികം ദിവസം പരോൾ (1081) ലഭിച്ചത്. ടി.കെ.രജീഷ് 940, ട്രൗസർ മനോജ് 1068, അണ്ണൻ സജിത്ത് 1078, മുഹമ്മദ് ഷാഫി 656, ഷിനോജ് 925, റഫീഖ് 782 , കിർമാണി മനോജ് 851, എം.സി.അനൂപ് 900 ദിവസം എന്നിങ്ങനെയാണു പരോൾ ലഭിച്ചത്.
ജയിലിൽ കഴിയവേ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതിനാൽ കൊടി സുനിക്ക് 60 ദിവസം മാത്രമേ പരോൾ ലഭിച്ചുള്ളൂ. അന്തരിച്ച കുഞ്ഞനന്തന് 327 ദിവസം പരോൾ കിട്ടി. നിയമസഭാ സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയായിരുന്നു ഇത്. ഫെബ്രുവരിക്കു ശേഷവും പ്രതികൾക്ക് പരോൾ ലഭിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.