ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിലെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. കേസിലെ പ്രതിയായ ബിജെപി നേതാവിൻ്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതി സ്റ്റേ. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2017 ലെ ഉന്നാവോ ബലാത്സംഗ കുറ്റവാളി കുൽദീപ് സെൻഗാറിൻ്റെ ജീവപര്യന്തം തടവ് ശിക്ഷ താത്‌കാലികമായി നിർത്തിവച്ച ഡൽഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് സിബിഐ സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിച്ചത്. കുൽദീപ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) അപ്പീൽ ഫയൽ ചെയ്‌തത്.
അതിജീവിതയ്‌ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വനിതാ ആക്‌ടിവിസ്റ്റ് യോഗിത ഭയാന മാധ്യമപ്രവർത്തകരോട് പറഞ്ഞു. "അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ അവർ കോടതിമുറിയിലാണ്, അവർ തുടർന്നും പോരാട്ടം നടത്താൻ ആഗ്രഹിക്കുന്നു. സുപ്രീം കോടതി ഈ പെൺകുട്ടിക്ക് നീതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്ന് യോഗിത ഭയാന പറഞ്ഞു.
സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്ന് അതിജീവിത ഞായറാഴ്‌ച പറഞ്ഞിരുന്നു. ഭയമില്ലാതെ നിയമപോരാട്ടം നടത്താൻ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അതിജീവിത അഭ്യർഥിച്ചു.
"സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കുൽദീപ് സെൻഗാർ ഡൽഹി ഹൈക്കോടതി ജഡ്‌ജിക്കും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനും കൈക്കൂലി നൽകി. എൻ്റെ പോരാട്ടം നിർഭയമായി നേരിടാൻ കഴിയുന്ന വിധത്തിൽ എന്നെയും കുടുംബത്തെയും സംരക്ഷിക്കണമെന്ന് ഞാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുന്നു" എന്ന് അവർ പറഞ്ഞു.
ബലാത്സംഗക്കേസിലെ കുറ്റവാളിയും ബിജെപി നേതാവുമായ കുൽദീപ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധിക്ക് കാരണം കുറ്റവാളിക്ക് അനുകൂലമായ സിബിഐയുടെ നിലപാടാണെന്ന് ആവർത്തിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. "സുപ്രീം കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. സിബിഐ നേരത്തെ കർശനമായ നിലപാട് എടുത്തിരുന്നെങ്കിൽ എനിക്ക് നേരത്തെ നീതി കിട്ടുമായിരുന്നു" എന്ന് അതിജീവിത പറഞ്ഞിരുന്നു.
"പിതാവിനെ കൊന്നു. കുടുംബാംഗങ്ങളെ കൊന്നു. കുടുംബത്തിൻ്റെയും സാക്ഷികളുടെയും സുരക്ഷ ഒഴിവാക്കി. ഭർത്താവിനെ ജോലിയിൽ നിന്നും പുറത്താക്കി. അയാൾ പുറത്തുള്ളത് എൻ്റെ മക്കളുടെ ജീവന് പോലും ഭീഷണിയാണ്" - അതിജീവിത മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
കുൽദീപ് സിങ് സെൻഗാറിന് ജാമ്യം അനുവദിച്ച് ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായിരുന്നു. ഇന്ന് നടന്ന ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് മേധാവി അൽക ലാംബ നേതൃത്വം നൽകി. പ്രതിഷേധം ശക്തമായതോടെ നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉന്നാവോ ബലാത്സംഗക്കേസ്
2017 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതെന്നാണ് കേസ്. ഈ കേസിൽ 2019-ൽ ഡൽഹിയിലെ വിചാരണ കോടതി കുൽദീപ് സിങ് സെൻഗാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്‌തു.
പീഡനക്കേസിൽ പ്രതിയായതിനെത്തുടർന്ന് 2019 ഓഗസ്റ്റിൽ സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലും ഇയാൾക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചതും ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളുമായ കുൽദീപ് സിങ്ങിന് ഡിസംബർ 23ന് ഡൽഹി ഹൈക്കോടതി ചില വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ഇതേ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നു. ഡൽഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് സിബിഐ സമർപ്പിച്ച ഹർജിയാണ് ഇന്ന് (ഡിസംബർ 29) സുപ്രീം കോടതി പരിഗണിച്ചത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.