ലെസ്റ്റർഷയർ; ‘ആര്യൻ, ഇത് അമ്മയാണ്. നിന്നെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു. ദയവായി വീട്ടിലേക്ക് മടങ്ങി വരൂ.
ഞങ്ങൾ എല്ലാവരും നിനക്കായി കാത്തിരിക്കുന്നു. അവന് തനിച്ചായത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവന് വിശക്കുന്നുണ്ടാകാം.’ – 11 ദിവസമായി കാണാമറയത്തുള്ള മകനെ അന്വേഷിക്കുന്ന അമ്മ സുഖി ശർമ്മയുടെ വാക്കുകളാണിത്.ലെസ്റ്റർഷയറിലെ ലാഫ്ബറോയിൽ നിന്ന് രണ്ടാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിലാണ് ഇന്ത്യൻ വംശജനായ വിദ്യാർഥി ആര്യൻ ശർമ്മയെ കാണാതായത്. കാണാതായ വിദ്യാർഥിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടതിന് പിന്നാലെയാണ് മകന് സന്ദേശവുമായി അമ്മ മാധ്യമങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. കാണാതാകുന്നതിന് തൊട്ടുമുമ്പ് വിദ്യാർഥി രാത്രി തെരുവിലൂടെ ഓടുന്നതിന്റെ ദൃശ്യമാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
നവംബർ 23ന് രാത്രി 12.30ന് ലാഫ്ബറോയുടെ പ്രാന്തപ്രദേശങ്ങളിൽ വച്ചാണ് 20 വയസ്സുകാരനായ ആര്യൻ ശർമ്മയെ അവസാനമായി കണ്ടത്. അതിനു മുമ്പ് രാത്രി 9.30ന് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആര്യൻ, സ്റ്റാൻഫോർഡ്-ഓൺ-ദി-സോറിലേക്ക് നടന്നു പോകുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ലാഫ്ബറോ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിദ്യാർഥിയായ ഇയാളെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കാണാതായ ദിവസം രാത്രി 9.20 ന് വിദ്യാർഥി താമസസ്ഥലത്ത് നിന്ന് പുറപ്പെട്ടതുമുതൽ പുലർച്ചെ 12:30 ന് മെഡോ ലെയ്നിൽ അവസാനമായി കാണുന്നതുവരെയുള്ള ആര്യന്റെ നീക്കങ്ങൾ പൊലീസ് പരിശോധിച്ചുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോനാഥൻ ഡിക്കൻസ് വ്യക്തമാക്കി. കൂടുതൽ സാക്ഷി വിവരങ്ങളും ഡാഷ് ക്യാം, സിസിടിവി ദൃശ്യങ്ങളും പൊലീസ് തേടുന്നുണ്ട്.
കാണാതായ വിദ്യാർഥിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് ആര്യന്റെ കുടുംബവും പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ‘ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ തകർന്നിരിക്കുകയാണ്. അവനെ സുരക്ഷിതമായി കണ്ടെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നവംബർ 23 മുതൽ കുടുംബത്തിലെ ആരും അവനോട് സംസാരിച്ചിട്ടില്ല എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക.
അവനെ കണ്ടെത്താൻ സഹായിക്കണം, അവൻ എത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്ന് അവനറിയാമെന്നും വീട്ടിലേക്ക് മടങ്ങിവരണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു’– ആര്യന്റെ കസിൻ ജാഗി സാഹ്നി പറഞ്ഞു. സെർച്ച് ഓഫിസർമാർ, ഡ്രോണുകൾ, പൊലീസ് നായ്ക്കൾ, മുങ്ങൽ വിദഗ്ധർ, നാഷനൽ പൊലീസ് എയർ സർവീസ് (NPAS), ലെസ്റ്റർഷയർ സെർച്ച് ആൻഡ് റെസ്ക്യൂ വൊളന്റിയർമാർ എന്നിവരുൾപ്പെടെ വിപുലമായ പൊലീസ് സംഘമാണ് തിരച്ചിൽ നടത്തുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.