ഏറ്റുമാനൂർ ;കുടുംബവഴക്ക് പറഞ്ഞു തീർക്കാനെന്ന വ്യാജേന സ്കൂളിലെത്തിയ ഭർത്താവ്, ഭിന്നശേഷിക്കാരിയും അധ്യാപികയുമായ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമിച്ചു.
സംഭവത്തിനുശേഷം ഓടിപ്പോയ യുവാവിനെ മണിക്കൂറുകൾക്കകം പാറമ്പുഴയിൽനിന്ന് ഏറ്റുമാനൂർ പൊലീസ് പിടികൂടി. പാറമ്പുഴ സ്വദേശിനി ഡോണിയ ഡെന്നീസ് (36) ആണ് ആക്രമണത്തിനിരയായത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് പാറമ്പുഴ മുരിങ്ങോത്തുപറമ്പിൽ കൊച്ചുമോൻ (46) ആണു പിടിയിലായത്. ഇന്നലെ രാവിലെ പത്തരയോടെ പേരൂർ സൗത്ത് പൂവത്തുംമൂട് ഗവ. എൽപി സ്കൂളിലാണു സംഭവം.കുടുംബവഴക്കിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞാണു താമസിക്കുന്നതെന്നും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണയിലാണെന്നും പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ ഡോണിയയെ കാണാൻ കൊച്ചുമോൻ സ്കൂളിൽ വരാറുള്ളതിനാൽ ഇന്നലെ വന്നപ്പോഴും സഹപ്രവർത്തകർക്കു സംശയം തോന്നിയില്ല. ക്ലാസിലായിരുന്ന ഡോണിയയെ സ്റ്റാഫ് റൂമിലേക്കു വിളിച്ചു വരുത്തിയ കൊച്ചുമോൻ അവിടെവച്ചു വഴക്കിട്ടു. തുടർന്ന്, കയ്യിൽ ഒളിപ്പിച്ച കറിക്കത്തികൊണ്ട് കഴുത്തറുത്തു.
യുവതി പിന്നിലേക്ക് മാറിയതിനാൽ ആഴത്തിലുള്ള മുറിവുണ്ടായില്ല. നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവർത്തകരും നാട്ടുകാരും ചേർന്നാണു ആശുപത്രിയിലേക്കു കൊണ്ടുപോയത്. യുവതി അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ബഹളംകേട്ടു കുട്ടികൾ പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും അധ്യാപകർ ചേർന്നു വാതിലടച്ചു കുട്ടികളെ സുരക്ഷിതരാക്കി. സംഭവം അറിഞ്ഞെത്തിയ മാതാപിതാക്കൾ കുട്ടികളെ വീട്ടിലേക്കു കൊണ്ടു പോയതോടെ സ്കൂൾ ഉച്ചയോടെ അടച്ചു.ഏറ്റുമാനൂരിലെ ഒരു വനിതാ ഹോസ്റ്റലിലാണ് ഡോണിയ താമസിച്ചിരുന്നത്. ദമ്പതികൾക്ക് 8 വയസ്സുള്ള കുട്ടിയുണ്ട്. കുട്ടി കൊച്ചുമോനൊപ്പമാണു കഴിഞ്ഞിരുന്നത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ എസ്എച്ച്ഒ കെ.ശ്യാമിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.