തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച രണ്ടാമത്തെ പരാതിയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം അന്വേഷണം നടത്തും.
കെപിസിസി അധ്യക്ഷൻ ഡിഐജിക്ക് കൈമാറിയ പരാതിയിലാണ് അന്വേഷണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടൻ നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.2023 രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് ഇ-മെയിലിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്.താൻ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയിൽ പറയുന്നു. സൗഹൃദരൂപേണ സംസാരിച്ചുതുടങ്ങിയ രാഹുൽ വിവാഹവാഗ്ദാനം നൽകി കൂടുതൽ അടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം ആദ്യം നിരസിച്ചെങ്കിലും രാഹുൽ നിർബന്ധിച്ചതിനെത്തുടർന്നാണ് സൗഹൃദം തുടർന്നത്. തനിച്ച് കാണണമെന്ന് ആവശ്യപ്പെട്ട് രാഹുൽ വിളിച്ചുവരുത്തുകയായിരുന്നു.
രാഹുലിന്റെ സുഹൃത്തായ പത്തനംതിട്ട സ്വദേശി ഫെനി നൈനാനാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്. ലൈംഗിക അതിക്രമത്തിന് രാഹുൽ മുതിരുമെന്ന് കരുതിയില്ല. വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്. രാഹുലിന്റെ ആക്രമണത്തിൽ താൻ സ്തബ്ധയായി. വേണ്ടെന്നുപറഞ്ഞിട്ടും മനുഷ്യത്വമോ അനുകമ്പയോ കാണിച്ചില്ല. ശരീരമാകെ മുറിവേൽപ്പിച്ചു. യുവതി പരാതിയിൽ ആരോപിച്ചു.പരാതിലഭിച്ച ഉടനെ കെപിസിസി ഡിഐജിക്ക് കൈമാറി. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ വിപുലമായ അന്വേഷണസംഘം രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നൽകുന്നത്. അതേസമയം, തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് രാഹുൽ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.
അറസ്റ്റ് ഒഴിവാക്കുന്നതിനായുള്ള തുടർനീക്കത്തിന്റെ ഭാഗമായി, മുൻകൂർ ജാമ്യം തേടി രാഹുലിന്റെ അഭിഭാഷകർ ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സാധ്യത. വ്യാഴാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിന്റെ ശരിപ്പകർപ്പ് പ്രതിഭാഗത്തിന് ലഭിച്ചത്. ഈ ശരിപ്പകർപ്പ് കൊച്ചിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഉടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകാനാണ് നിലവിലെ തീരുമാനം. തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നതും ഹർജി ഇന്ന് തന്നെ കോടതിയുടെ പരിഗണനയിൽ കൊണ്ടുവരാൻ അഭിഭാഷകരെ പ്രേരിപ്പിക്കുന്നു.
ശനിയും ഞായറും കോടതി അവധിയാണ്. തിങ്കളാഴ്ച കോടതിയുണ്ടെങ്കിലും ചൊവ്വാഴ്ച തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച അവധിയാണ്. ഈ കാരണം കൊണ്ടുതന്നെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഹർജി കോടതിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അഭിഭാഷകരെന്നാണ് റിപ്പോർട്ട്. ഒമ്പതാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. കേരളത്തിലെ ഏതെങ്കിലും കോടതിയിൽ രാഹുൽ കീഴടങ്ങിയേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.