കൊൽക്കത്ത; ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സന്ദർശനം അലങ്കോലമായതിനു പിന്നാലെ ബംഗാളിൽ രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങൾ ശക്തം.
ബംഗാളിനെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയതിന് മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഒരുപടി കൂടി കടന്ന്, മമതയെ അറസ്റ്റു ചെയ്യണമെന്നാണ് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടത്. മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മെസ്സിയുടെ സന്ദർശനം ബംഗാളിൽ പ്രധാന രാഷ്ട്രീയ ചർച്ചയാകുകയാണ്.ബംഗാളിലെ ഫുട്ബാൾ ആരാധകരെ രണ്ടാംകിട പൗരന്മാരായാണ് കൊൽക്കത്തയിൽ പരിഗണിച്ചതെന്നു സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മെസ്സിയെ കാണാൻ കൊതിച്ച് എത്തിയ ബംഗാളി ആരാധകരോടാണ് സ്വന്തം നാട്ടിൽ ഇങ്ങനെ ചെയ്തത്. എന്നാൽ, മന്ത്രിമാരായ അരൂപ് ബിശ്വാസും സുജിത്ത് ബോസും അവരുടെ വിഐപി സുഹൃത്തുക്കളും രക്തത്തിനരികിൽ അട്ടകളെ പോലെ മെസ്സിയെ വളഞ്ഞപ്പോൾ യഥാർഥ ആരാധകർ ഗാലറിയിൽ കുടുങ്ങി. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ 5 മിനിറ്റ് മെസ്സിയെ കാണാൻ മാത്രമാണ് അവർക്ക് കഴിഞ്ഞത്. നേരിട്ട് കാണാനേ കഴിഞ്ഞില്ല.വഞ്ചനയാണിത് – സുവേന്ദു അധികാരി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ 3 ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘‘ഗാലറി ടിക്കറ്റ് എടുത്തവർക്കെല്ലാം മുഴുവൻ തുകയും റീഫണ്ടായി നൽകണം. കായിക മന്ത്രി അരൂപ് ബിശ്വാസിനെ അറസ്റ്റ് ചെയ്യണം.
മന്ത്രി സുജിത് ബോസിനെ പുറത്താക്കണം. സ്പോൺസർമാരായ ശതാദ്രു ദത്ത ഇനീഷ്യേറ്റീവിനെതിരെ നടപടിയെടുക്കണം. ഒപ്പം, മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണം. ബംഗാളിന്റെ ആത്മാവിൽ അവശേഷിക്കുന്നവയും നശിപ്പിക്കുന്നതിനു മുൻപ് മമത രാജിവയ്ക്കണം’’ – സുവേന്ദു അധികാരി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.