ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്നു.
എയർലൈനിന്റെ നെറ്റ്‌വർക്ക് തടസങ്ങൾ ചൂണ്ടിക്കാട്ടി വ്യാഴാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ 73 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഹൈദരാബാദിൽനിന്നുള്ള 68 ഇൻഡിഗോ വിമാനങ്ങൾ വ്യഴാഴ്ച റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബുധനാഴ്ച ഇരുന്നൂറോളം ഇൻഡിഗോ വിമാനസർവീസുകൾ റദ്ദാക്കപ്പെട്ടിരുന്നു.ഡൽഹി, മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.ഇൻഡിഗോ വിമാനങ്ങൾ തുടർച്ചയായി വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചൊവ്വാഴ്ചയിലെ സർക്കാർ ഡാറ്റ അനുസരിച്ച് ഇൻഡിഗോ ഓൺ-ടൈം പെർഫോമൻസ് 35 ശതമാനമായി കുറഞ്ഞു. 1,400-ൽ അധികം വിമാനങ്ങൾ വൈകിയെന്നാണ് വിവരം. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്നുണ്ടായ പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. എട്ട് മണിക്കൂർ വരെ ചില വിമാനങ്ങൾ വൈകി.
പുതിയ റോസ്റ്റർ നിയമങ്ങൾ (FDTL മാനദണ്ഡങ്ങൾ) ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ് ഇന്ത്യയുടെ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) . പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഡ്യൂട്ടി ഷെഡ്യൂളുകൾ, രാത്രി ലാൻഡിങ് ക്രമീകരണം, പ്രതിവാര വിശ്രമ ചാർട്ടുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ വിമാനസർവീസ് ശൃംഘലകളിൽ ഒന്നായ ഇൻഡിഗോ, പ്രതിദിനം 2,200-ലധികം വിമാന സർവ്വീസുകൾ നടത്തുന്നുണ്ട്. രാത്രികാല പ്രവർത്തനങ്ങളും നടത്തേണ്ടിവരുന്നതിനാൽ, റോസ്റ്ററുകൾ യഥാസമയം പുനഃക്രമീകരിച്ചപ്പോൾ ജീവനക്കാരുടെ അപര്യാപ്തത തിരിച്ചടിയാവുകയായിരുന്നു.കൂടാതെ ഡൽഹി, പൂനെ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ഡിപ്പാർച്ചർ കൺട്രോൾ സിസ്റ്റങ്ങളിൽ ചൊവ്വാഴ്ച തകരാറുണ്ടായിരുന്നു. മണിക്കൂറുകളോളം കാലതാമസം നേരിടേണ്ടിവന്നതോടെ വിമാനങ്ങളുടെയും ജീവനക്കാരുടെയും കണക്ടിങ് ശൃംഖലയെയും ബാധിച്ചു. വർധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധിയും കമ്പനിക്ക് ഭീഷണിയാകുന്നുണ്ട്. ശൈത്യകാല മൂടൽമഞ്ഞ് ശക്തിപ്പെട്ടതോടെ പല വിമാനങ്ങളും റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. നവംബർ മാസത്തിൽ ആകെ 1,232 വിമാനങ്ങൾ റദ്ദാക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ റോസ്റ്റർ നിയമമനുസരിച്ച് ഒരു പൈലറ്റിന് ഒരു നിശ്ചിത കാലയളവിൽ ചെയ്യാൻകഴിയുന്ന രാത്രി ലാൻഡിങ്ങുകളുടെ എണ്ണം ആറിൽനിന്ന് രണ്ടായി കുറച്ചിട്ടുണ്ട്. രാത്രികാല പ്രവർത്തനങ്ങളെ ആശ്രയിക്കുന്ന വിമാനക്കമ്പനികളെ ഇത് സാരമായി ബാധിക്കും. നിർദേശങ്ങൾ ലംഘിച്ചാൽ കർശനമായ നടപടിയുണ്ടാകും എന്ന മുന്നറിയിപ്പുള്ളതിനാൽ വിമാനക്കമ്പനികൾ മുൻകരുതലുകളെടുക്കാൻ നിർബന്ധിതരായി. പുതിയ മാനദണ്ഡങ്ങൾ എല്ലാ എയർലൈനുകളിലും ബാധകമാണെങ്കിലും ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ ഭൂരിഭാഗവും ഇൻഡിഗോയുടെ നിയന്ത്രണത്തിലായതിനാൽ ഇത് കമ്പനിക്ക് വലിയ തിരിച്ചടിയാവുകയായിരുന്നു.
എയർ ഇന്ത്യ, വിസ്താര, അകാസ തുടങ്ങിയ വിമാനക്കമ്പനികളെ അപേക്ഷിച്ച് ഇൻഡിഗോ ഉയർന്ന ഫ്രീക്വൻസി രാത്രികാല സർവീസുകൾ നടത്തുന്നുണ്ട്. ഇതിനായി ജീവനക്കാരുടെ ജോലിസമയം പരമാവധിയാക്കുക എന്നതായിരുന്നു കമ്പനി സ്വീകരിച്ചിരുന്ന നയം. എന്നാൽ, പുതിയ നിയമങ്ങൾ ഇതിന് തിരിച്ചടിയായി. വലിയ നെറ്റ്‌വർക്കുകളുള്ള വിമാനക്കമ്പനിയായതിനാൽ പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും വേഗത്തിൽ പുനഃക്രമീകരിക്കാൻ ഇൻഡിഗോക്ക് കഴിഞ്ഞില്ല. വിമാനങ്ങൾ വൈകാനുണ്ടായ സാഹചര്യം കമ്പനി പരിശോധിക്കുന്നുണ്ടെന്നും ഉപഭോക്താക്കളോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ഏകദേശം 48 മണിക്കൂറിനുള്ളിൽ പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറയുന്നു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരാനും ഈ കാലയളവിൽ തുടർച്ചയായ കാലതാമസം പ്രതീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ അതിനിടെ, തുടർച്ചയായുണ്ടാകുന്ന വിമാന പ്രതിസന്ധികളിൽ ഇൻഡിഗോക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷ(ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളുടെ കാരണങ്ങൾ വിശദീകരിക്കാനും അതിനുള്ള പരിഹാര പദ്ധതി അവതരിപ്പിക്കാനും ഡിജിസിഎ എയർലൈൻ അധികൃതരെ വിളിച്ചുവരുത്തി. സ്ഥിതിഗതികൾ വിലയിരുത്തുമെന്നും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി എയർലൈനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.